ആരാധകർ ആവേശത്തോടെ കാത്തിരുന്ന വാർത്ത ഒടുവിൽ ഇതാ വന്നിരിക്കുന്നു. സ്പൈർഡർമാൻ ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരങ്ങളായി മാറിയ ടോം ഹോളണ്ടും സെൻഡായയും വിവാഹിതരായിരിക്കുന്നു. രഹസ്യമായി നടന്ന ആ വിവാഹം ഹോളണ്ട് തന്നെയാണ് പരസ്യമാക്കിയത്.
കുറച്ചുനാളുകളായി ഇരുവരുടെയും രഹസ്യ വിവാഹത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നെങ്കിലും ഇതിലൊന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഹോളണ്ട് തന്നെ അത് വെളിപ്പെടുത്തിയപ്പോൾ ആരാധകർ തെല്ലൊന്നുമല്ല ആവേശത്തിലായിരിക്കുന്നത്. പ്രശസ്ത മാഗസിനായ എസ്ക്വയറിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് ഇരുവരും വിവാഹിതരായി എന്ന തരത്തിൽ എഐ നിർമിതമായ വ്യാജ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.
അഭിമുഖത്തിനിടയിൽ ഈ വ്യാജ ചിത്രങ്ങളെക്കുറിച്ചും ഇതേപ്പറ്റി കുടുംബാംഗങ്ങളോട് വിശദീകരിക്കേണ്ടി വന്നോ എന്നതിനെക്കുറിച്ചുമുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് ഹോളണ്ട് അപ്രതീക്ഷിതമായി യഥാർഥ വിവാഹ വാർത്ത പുറത്തുവിട്ടത്.
‘‘ഇല്ല, എനിക്ക് ആരോടും വിശദീകരിക്കേണ്ടി വന്നില്ല. കാരണം അവരെല്ലാവരും വിവാഹത്തിൽ പങ്കെടുക്കാൻ അവിടെ നേരിട്ടെത്തിയിരുന്നു,’’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഹോളണ്ടിന്റെ മറുപടി.
സെൻഡായയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും ടോം ഹോളണ്ട് വാചാലനായി.
‘‘സിനിമാ മേഖല കടുത്ത സമ്മർദ്ദങ്ങൾ നിറഞ്ഞതാണ്. അവിടെ കാലത്തെ അതിജീവിക്കുന്ന ഒരു ശക്തമായ പങ്കാളിയെ ലഭിക്കുക എന്നത് വലിയ കാര്യമാണ്. എനിക്കുള്ള വ്യക്തിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. അവൾ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അവൾക്കൊപ്പം ആയിരിക്കുമ്പോഴാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. ഇതുവരെ തോന്നിയിട്ടില്ലാത്തത്ര സുരക്ഷിതത്വവും പിന്തുണയുമാണ് അവൾ എനിക്ക് നൽകുന്നത്.’’
ഇതോടെയാണ് ഇരുവരുടെയും വിവാഹം അതീവ രഹസ്യമായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇതിനകം തന്നെ കഴിഞ്ഞുവെന്ന കാര്യം ഔദ്യോഗികമായി വ്യക്തമായത്.
എന്നാൽ വിവാഹം എവിടെ വച്ചാണ് നടന്നതെന്നോ മറ്റ് കൂടുതൽ വിവരങ്ങളോ പങ്കുവയ്ക്കാൻ താരം തയ്യാറായില്ല. ഇതേക്കുറിച്ച് നിങ്ങൾക്ക് ഇനി ഇത്രമാത്രമേ ലഭിക്കൂ എന്ന് തമാശ രൂപേണ താരം കൂട്ടിച്ചേർത്തു.
2016-ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: ഹോംകമിംഗ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ടോം ഹോളണ്ടും സെൻഡായയും ആദ്യമായി കണ്ടുമുട്ടുന്നത്. 2021-ലാണ് പ്രണയത്തിലാണെന്ന് ഇരുവരും തുറന്നുപറഞ്ഞത്.
ജൂലൈയിൽ റിലീസിനൊരുങ്ങുന്ന സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ, ക്രിസ്റ്റഫർ നോളന്റെ ദ് ഒഡീസി എന്നിവയാണ് ഇവർ ഒന്നിച്ചഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.
Tags : Tom Holland zendaya marriage