വയലൻസ് അൽപം കൂടുതലാണെങ്കിലും ധുരന്ധർ ഒരു മികച്ച ചിത്രം തന്നെയാണെന്ന് മുൻ ബാഡ്മിന്റൺ ചാമ്പ്യനും ദീപിക പാദുക്കോണിന്റെ പിതാവുമായ പ്രകാശ് പദുകോൺ.
സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും താനും തന്റെ മരുമകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം പ്രകാശ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇതൊരു മികച്ച ചിത്രമാണ്. എല്ലാവരും നന്നായി അഭിനയിച്ച വളരെ നന്നായി നിർമിച്ച ഒരു ചിത്രം. അക്രമം അല്പം കൂടുതലാണെന്ന് തോന്നി. പക്ഷേ ഭൂരിഭാഗം ആളുകൾക്കും അത് ഇഷ്ടപ്പെട്ടു. അത് തന്നെയാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു.
രൺവീറുമായി നല്ല അടുപ്പമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം ഇരു കുടുംബങ്ങൾ തമ്മിലും ഊഷ്മളമായ ബന്ധമാണുള്ളതെന്നും വർഷത്തിൽ ഒരിക്കലെങ്കിലും തങ്ങൾ ഒരുമിച്ച് അവധിക്കാലം ചെലവിടാറുണ്ടെന്നും വെളിപ്പെടുത്തി. സ്പോർട്സും അവരുടെ സംഭാഷണങ്ങളിൽ ഒരു പൊതുവിഷയമാണെന്നും പ്രകാശ് പറയുന്നു.
അവന് സ്പോർട്സിൽ വളരെ താല്പര്യമുണ്ട്. അതുപോലെ പൊതുവായ ഒരുപാട് താത്പര്യങ്ങളുണ്ട്. അവൻ എന്നോട് സ്പോർട്സിനെക്കുറിച്ച് സംസാരിക്കാറുണ്ട്, ഞാൻ സിനിമകളെക്കുറിച്ച് ചോദിക്കാറുണ്ട്. എല്ലാവരും തിരക്കിലായതിനാൽ ഞങ്ങൾക്ക് അത്ര സമയം ലഭിക്കുന്നില്ല, പക്ഷേ എത്ര സമയം കിട്ടിയാലും ഫുട്ബോളായാലും ക്രിക്കറ്റായാലും ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു.
അവൻ ഒരു ആഴ്സണൽ ആരാധകനാണ്, ഞങ്ങളുടെ മകൾ അനിഷ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധികയാണ്, അതിനാൽ ചില പൊതു താത്പര്യങ്ങളുണ്ട്. പ്രകാശ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ പെൺമക്കളിൽ നിന്ന് കാര്യങ്ങൾ അറിയുന്നുണ്ടെന്നും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2025 ഡിസംബർ അഞ്ചിനാണ് ധുരന്ധർ റിലീസ് ചെയ്തത്. അതിന്റെ രണ്ടാംഭാഗം 2026 മാർച്ച് 19-നും റിലീസ് ചെയ്തു.
Tags : Prakash Padukone Dhurandhar ranveer singh