സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസിനെതിരെ നടൻ വിനായകൻ നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.
ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ജോൺ ബ്രിട്ടാസ് സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് വിനായകന്റെ ആരോപണം.
ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, യുവാക്കളുടെ സമരങ്ങളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാതെ മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ നടൻ കുറിച്ചു. വിനായകന്റെ ഈ പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.
ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഇടത് ജനപ്രതിനിധികൾ നേരിട്ടെത്തിയിരുന്നു. പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അവരെ തടയുകയും പുറത്തെത്തിക്കാൻ മുൻകൈ എടുക്കുകയും ചെയ്തത് ബ്രിട്ടാസിന്റെ ഇടപെടലാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
എം.എ. ബേബി, ഡി. രാജ, ആനി രാജ, ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയ പ്രമുഖ നേതാക്കളും ഈ സമരസ്ഥലത്തെത്തി പിന്തുണ അറിയിച്ചിരുന്നു. അതേസമയം, പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടികൾക്ക് ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെയും വിനായകൻ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.
ഈ വിഷയത്തിൽ ഇടതുപക്ഷ പ്രവർത്തകർ അടക്കമുള്ളവർ വിനായകന്റെ നിലപാടിനെ പിന്തുണച്ചിരുന്നെങ്കിലും, തൊട്ടുപിന്നാലെ ജോൺ ബ്രിട്ടാസിനെതിരെ ഉന്നയിച്ച രൂക്ഷവിമർശനം കടുത്ത അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്.
Tags : Vinayakan JohnBrittas DelhiProtest KeralaPolitics CPIM LeftPolitics