ലഹരിക്കേസിൽ ഉൾപ്പെട്ട മകന് പിന്തുണയുമായി നടൻ ടിനി ടോം. ലഹരി വസ്തുക്കൾ കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച രാത്രിയോടെ ടിനി ടോമിന്റെ മകൻ ആദം ഷീം ഉൾപ്പെടെ മൂന്നുപേരെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നാലെയാണ് മകന് പിന്തുണയുമായി ടിനി ടോം എത്തിയത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ടിനി ടോം കുറിപ്പ് പങ്കുവച്ചത്. എല്ലാം കാലം തെളിയിക്കുമെന്നും നിന്റെ അപ്പൻ കൂടെയുണ്ടെന്നുമാണ് ടിനിയുടെ കുറിപ്പ്.
ടിനിയുടെ കുറിപ്പിന്റെ പൂർണരൂപം
മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴുമെന്റെ ഹീറോയാണ്. സങ്കീർത്തനം 91; അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും.
മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ'.
വിവരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള ഒരു കമന്റിന് മറുപടിയായി 'അവന്റെ കൈയിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചത്' എന്ന് ടിനി ടോം മറുപടി നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ തൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽപാലസ് പോലീസ് പിടികൂടിയത്.
രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്.
ഇവർ പരുങ്ങിയതോടെ പോലീസ് ഇവരുടെ ദേഹപരിശോധന നടത്തി. അതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലുള്ള കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Tags : Tiny Tom son drunkenness