ന്യൂഡൽഹി: കഴിഞ്ഞവർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 166 കടുവകൾ ചത്തതായി കണക്കുകൾ. 2024 നെ അപേക്ഷിച്ച് 40 കടുവകൾ കൂടുതൽ ചത്തതായി നാഷണൽ ടൈഗർ കണ്‍സർവേഷൻ അഥോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
മധ്യപ്രദേശിലാണ് ഏറ്റവുമധികം കടുവകൾ ഇല്ലാതായത്. മഹാരാഷ്ട്രയിൽ 38, കേരളത്തിൽ 13, ആസാമിൽ 12 എന്നിങ്ങനെ കടുവകൾ ചത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. നഷ്ടപ്പെട്ട കടുവകളിൽ 31 എണ്ണവും കുഞ്ഞുങ്ങളാണ്.
കഴിഞ്ഞവർഷം 126 കടുവകളാണ് കാടുകളിൽനിന്നും ഇല്ലാതായത്. കടുവകൾ തമ്മിലുള്ള സംഘർഷമാണ് ഇവ ചത്തൊടുങ്ങുന്നതിനു പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
2023ലെ അന്താരാഷ്ട്ര കടുവദിനത്തിലാണ് രാജ്യത്തെ കടുവകളുടെ ആകെ എണ്ണം സംബന്ധിച്ച കണക്കുകൾ അവസാനമായി പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് 2022ലെ കണക്കുകൾ പ്രകാരം 3682 കടുവകൾ രാജ്യത്തെ കാടുകളിലുണ്ട്.
2018ൽ പ്രഖ്യാപിച്ച കണക്കുകൾ പ്രകാരം 2967 കടുവകളാണ് രാജ്യത്തെ വിവിധ കാടുകളിൽ ഉണ്ടായിരുന്നത്. 2022 ആയപ്പോൾ ആറു ശതമാനത്തോളം വർധനയാണുണ്ടായത്.