മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പ്രണയപ്പകയെത്തുടർന്ന് സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതിയെ സഹപ്രവർത്തകൻ ഓഫീസിനുള്ളിൽ വെച്ച് ക്രൂരമായി കുത്തിക്കൊന്നു. പട്യാല സ്വദേശിനിയായ ഡിംപിൾ ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ മരണമുറപ്പാക്കിയ ശേഷം പ്രതിയായ ഹർവീന്ദർ മാൻ (ഹാരി) സ്വന്തം കഴുത്തിൽ മുപ്പതിലധികം തവണ കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ നിലവിൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി 7.40-ഓടെ നടന്ന ഈ ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പാക്കേഴ്സ് ആൻഡ് മൂവേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയമായി മാറിയെങ്കിലും കുറച്ചുകാലം മുൻപ് ഇവർ വേർപിരിഞ്ഞു. എന്നാൽ ബന്ധം പുനഃസ്ഥാപിക്കണമെന്ന് ഹാരി നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിംപിൾ ഇതിന് തയ്യാറായിരുന്നില്ല. ഇതിന്റെ മാനസിക വിഷമത്തിലായിരുന്ന പ്രതി വ്യാഴാഴ്ച ഓഫീസിലെത്തി ഡിംപിളുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
തന്റെ ഡെസ്കിലിരുന്ന് ജോലി ചെയ്യുകയായിരുന്ന ഡിംപിളിനെ ഹാരി പിന്നിൽ നിന്നെത്തി പെട്ടെന്ന് കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിയ യുവതിയെ മുടിയിൽ കുത്തിപ്പിടിച്ച് ഓഫീസിന്റെ വാതിലിനടുത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി പ്രതി ക്രൂരമായി കുത്തുന്നത് തുടർന്നു. ഓഫീസിലുണ്ടായിരുന്ന മറ്റു ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ അക്രമണോത്സുകത കണ്ട് അവർക്ക് പിന്മാറേണ്ടി വന്നു. നിലത്തു വീണ യുവതി ചലനമറ്റ ശേഷവും ഇരുപതിലധികം തവണയാണ് പ്രതി കുത്തിയത്.
യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഹാരി ഓഫീസിനുള്ളിലേക്ക് തിരികെപ്പോയി സ്വന്തം കഴുത്തിൽ മുപ്പതോളം തവണ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭയന്നുവിറച്ച ജീവനക്കാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ഇരുവരെയും അടുത്തുള്ള ഫോർട്ടിസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഡിംപിൾ മരണപ്പെട്ടിരുന്നു. സ്വന്തം കഴുത്തറുത്ത പ്രതി ഹാരിയെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലവും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Tags : Murder Colleague Punjab Mohali Latest News