ന്യൂഡൽഹി: കേരളത്തിൽ എയിംസ് കൊണ്ടുവരുന്നത് പരിഗണനയിലില്ലന്ന് കേന്ദ്രം ഒരിക്കൽ കൂടി വ്യക്തമാക്കിയതോടെ കേരളത്തില ബിജെപി നേതൃത്വം വീണ്ടും പ്രതിരോധത്തിൽ. കേരളത്തിലെ ബിജെപി നേതാക്കൾ കേരളത്തിന് എയിംസ് കിട്ടുമെന്നു തുടർച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത മറുപടി. കഴിഞ്ഞ കുറെക്കാലമായി കേരളത്തിൽ ചർച്ചാവിഷയമാണ് എയിംസ്.
കേരളത്തിന് എയിംസ് കിട്ടുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പലവട്ടം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കേന്ദ്രബജറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപി കേന്ദ്രങ്ങൾ കരുതിയിരുന്നത്. എന്നാൽ, കേരളത്തിന് കാര്യമായ പരിഗണന ബജറ്റിൽ ഇല്ലായിരുന്നു. തുടർന്നു പ്രധാനമന്ത്രി കേരളത്തിൽ എത്തിയ വേളയിലും വൻ പ്രഖ്യാപനങ്ങൾക്കായി ബിജെപി കേരള നേതൃത്വം കാത്തിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.
കഴിഞ്ഞ ദിവസം കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനു കേന്ദ്ര ആരോഗ്യ സഹമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് കേരളത്തിന് എയിംസ് തത്കാലം പരിഗണനയില്ലെന്ന് കേന്ദ്രം ഒരിക്കൽകൂടി വ്യക്തമാക്കിയത്.
2016ൽ കേരളത്തിൽ കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം എന്നിവിടങ്ങൾ ഉൾപ്പെടുത്തി എയിംസ് സ്ഥാപിക്കാൻ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും, 2025-ൽ കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം മറുപടിയിൽ സൂചിപ്പിച്ചു. എന്നിരുന്നാലും, ഈ നിർദേശങ്ങൾക്കു ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവാണ് പാർലമെന്റിൽ ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയത്.
എയിംസ് വൈകുന്നതിനെ വിമർശിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലും ദീർഷകാലമായ കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തെ തഴഞ്ഞ കേന്ദ്രസർക്കാരിനതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് എയിംസ് നിഷേധം വിഷയമായി ഉയർന്നുവരുമെന്നാണ് കരുതുന്നത്.
Tags : AIIMS BJP Kerala Latest News