സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
മുംബൈ: മഹാരാഷ്ട്രയിലെ പൽഗാറിൽ സ്കൂട്ടറിനു പിന്നിൽ കണ്ടെയ്നർ ട്രക്കിടിച്ച് യുവതി മരിച്ചു. ഖാരിവാലി സ്വദേശി അങ്കിത ജാദവ് (32) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്രക്കിന്റെ ടയർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അങ്കിതയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയപാതയിൽ കോൺക്രീറ്റ് പണികൾ നടക്കുന്നതിനാൽ വാഹനഗതാഗതം ഒറ്റവരിയിലൂടെയാണ് കടത്തിവിടുന്നത്. ഇത് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. നിർമാണ മേഖലയിൽ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡുകളോ ഇല്ലെന്നും ഗതാഗതം നിയന്ത്രിക്കാൻ ജീവനക്കാരില്ലാത്തതുമാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നത് എന്ന ആരോപണവുമായി പ്രദേശവാസികൾ രംഗത്തെത്തി.