ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി പരസ്യമായി സമ്മതിച്ച് സിപിഎം കേന്ദ്ര നേതൃത്വം. പത്ത് വർഷത്തെ ഭരണത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ ആഘാതമാണെന്നും ഇതിന്റെ കാരണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനക്ഷേമത്തിനായി പരമാവധി ശ്രമിച്ചിട്ടും കേരളത്തിൽ ഭരണവിരുദ്ധ തരംഗം ഉണ്ടായതായി പാർട്ടി വിലയിരുത്തുന്നു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും വികസന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജനവിധി അനുകൂലമാക്കാൻ കഴിഞ്ഞില്ല. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ പാർട്ടി 'ആത്മപരിശോധന' നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നതിൽ പോളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. തൃണമൂൽ സർക്കാരിന്റെ അഴിമതിയും ബിജെപി നടത്തിയ വർഗീയ ധ്രുവീകരണവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവുമാണ് ബംഗാളിലെ വിജയത്തിന് പിന്നിലെന്ന് പാർട്ടി കുറ്റപ്പെടുത്തി. എങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ചെറിയ തോതിൽ വോട്ട് വിഹിതം വർധിപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞുവെന്നും പ്രസ്താവനയിൽ പറയുന്നു.
Tags : CPM PB Kerala Elections Latest News