ന്യൂഡൽഹി: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകൾ ഹിമയാനി പുരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹിമയാനി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ഹിമയാനി പുരിക്ക് എപ്സറ്റീനുമായി സാമ്പത്തികമായോ വ്യക്തിപരമായോ ബന്ധമുണ്ടെന്ന തരത്തിൽ ഫെബ്രുവരി 22 മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണം നടന്നിരുന്നു. എപ്സ്റ്റീനിൽ നിന്ന് ഹിമയാനിയുടെ സ്ഥാപനമായ 'റിയൽ പാർട്ണേഴ്സ് എൽഎൽസി' ഫണ്ട് കൈപ്പറ്റിയെന്നും പ്രചരണമുണ്ടായി. ഇത്തരം വ്യാജ വീഡിയോകളും വാർത്തകളും ലോകമെമ്പാടുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇനി ഇത്തരം ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നത് തടയണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
എക്സ് , ഗൂഗിൾ, മെറ്റാ, ലിങ്ക്ഡ് ഇൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളോട് ഇത്തരം അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കണമെന്നും ഹിമയാനി കോടതിയിൽ ആവശ്യപ്പെട്ടു.താൻ കേന്ദ്രമന്ത്രിയുടെ മകളായതിനാലാണ് മനഃപൂർവം തന്നെ വേട്ടയാടുന്നതെന്നും തന്റെ മൂന്ന് പതിറ്റാണ്ടോളം നീണ്ട തൊഴിൽ ജീവിതത്തെ തകർക്കാനാണ് ഈ നീക്കമെന്നും ഹിമയാനി ഹർജിയിൽ പറയുന്നു.കേസ് കോടതി നാളെ പരിഗണിച്ചേക്കും.