ന്യൂഡൽഹി: നൂറ് വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് രാജിനെതിരേയും പോർച്ചുഗീസ് രാജിനെതിരേയും ഫ്രഞ്ച് രാജിനെതിരേയും പോരാടിയെന്നും ഇനി ബിജെപി രാജിനെതിരേ പോരാടേണ്ടതുണ്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ.
സിപിഐയുടെ നൂറാം സ്ഥാപകദിനത്തിന്റെ വാർഷികത്തിൽ സിപിഐ ആസ്ഥാനമായ അജോയ് ഭവനിൽ നടന്ന “കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറിൽ: ചരിത്രവും ഭാവിയും’ എന്ന സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറ് വർഷംമുന്പ് ഇതേദിവസം ഉത്തർപ്രദേശിലെ കാണ്പുരിലാണ് സിപിഐ ഔദ്യോഗികമായിപിറവിയെടുത്തതെന്ന് പറഞ്ഞ രാജ, ഭരണഘടനാ രൂപീകരണത്തിലും ജനാധിപത്യവത്കരണത്തിലും തങ്ങളുടെ പാർട്ടി പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചു.
“കമ്യൂണിസ്റ്റുകൾ രാജ്യത്തിന്റെ വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ പാർലമെന്റ് ഒരു പ്രധാന ഫോറമായി ഉപയോഗിച്ചു. ഇന്ത്യയുടെ വളർച്ചയോടു ചേർന്നുതന്നെ സിപിഐയും പോരാടി. കർഷകരെയും വിദ്യാർഥികളെയും സ്ത്രീകളെയും ഞങ്ങൾ സംഘടിപ്പിച്ചു, സംഘടനകൾ സൃഷ്ടിച്ചു. എന്നാൽ സ്വതന്ത്ര ഇന്ത്യ വർഗീയ ഫാസിസ്റ്റ് ശക്തികൾക്കു കീഴിലാണ്''--രാജ പറഞ്ഞു.
സിപിഐ പുതിയൊരു നൂറ്റാണ്ടിന്റെ യുഗത്തിലേക്ക് ചുവടുവയ്ക്കുന്പോൾ രാജ്യത്തിനു മുന്നിൽ പല വെല്ലുവിളികളുമുണ്ട്. രാജ്യം സ്വകാര്യവത്കരണത്തിലേക്കു നീങ്ങുന്നു. കറൻസിയുടെ മൂല്യം കൂപ്പുകുത്തി. മഹാത്മാഗാന്ധി തൊഴിലുറപ്പിനെതിരേയുള്ള നിയമവും തൊഴിൽ കോഡുകളും പോലുള്ള ജനവിരുദ്ധ നടപടികളും. വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കണമെന്നും രാജ പറഞ്ഞു.
സിപിഐയുടെ നൂറാം സ്ഥാപകദിനത്തോടനുബന്ധിച്ചുള്ള സെമിനാറിൽ രാജയ്ക്കു പുറമെ സിപിഐ ദേശീയ സെക്രട്ടറിമാരായ അമർജിത് കൗർ, ആനി രാജ, കെ.പ്രകാശ് ബാബു, സിപിഐ ഡൽഹി സെക്രട്ടറി പ്രഫ. ദിനേശ് വർഷിണി എന്നിവർ പ്രസംഗിച്ചു. നൂറാം വാർഷിക ദിനത്തോടനുബന്ധിച്ച് അജോയ് ഭവനു മുന്നിൽ ദേശീയ നേതാക്കളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പാർട്ടി പതാക ഉയർത്തി. പാർട്ടിയുടെ 100 വർഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദർശനവും അജോയ് ഭവനിൽ സംഘടിപ്പിച്ചു.
Tags : British Raj BJP Raj D. Raja CPI General Secretary Portuguese Raj French Raj.