ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിന പരേഡില്‍ ലോകശ്രദ്ധ പിടിച്ചുപറ്റി യൂറോപ്യന്‍ യൂണിയന് സൈനിക വിഭാഗത്തിന്റെ പങ്കാളിത്തം. ചരിത്രത്തിലാദ്യമായാണ് യൂറോപ്പിന് പുറത്തുള്ള ഒരു രാജ്യത്തിന്റെ ദേശീയ ദിന ആഘോഷങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക പ്ലാറ്റൂണ്‍ അണിനിരക്കുന്നത്.
യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ഈ സൈനിക സാന്നിധ്യം ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിലെ പുതിയ അധ്യായമായി മാറി.
മൂന്ന് ജിപ്സി വാഹനങ്ങളിലായി എത്തിയ നാല് പതാകവാഹകരാണ് യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിച്ചത്. കേണല്‍ ഫ്രെഡറിക് സൈമണ്‍ സ്പ്രൂയിറ്റ് പ്ലാറ്റൂണിന് നേതൃത്വം നല്കി.
യൂറോപ്യന്‍ യൂണിയന്റെ നീല പതാകയ്ക്കൊപ്പം, സമുദ്ര സുരക്ഷാ ദൗത്യങ്ങളായ 'ഓപ്പറേഷന് അറ്റ്ലാന്റ', 'ഓപ്പറേഷന് ആസ്പിഡിസ്' എന്നിവയുടെ പതാകകളും കര്‍തവ്യപഥില്‍ ഉയര്‍ന്നു.
ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും കടല്‍ക്കൊള്ളയ്ക്കെതിരെ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും നടത്തുന്ന സംയുക്ത പോരാട്ടത്തിന്റെ അടയാളമായാണ് ഈ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.
നേരത്തെ ഫ്രാന്‍സ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ സൈനികര്‍ പരേഡില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, 27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന് ഒരു പ്ലാറ്റൂണിനെ അയക്കുന്നത് ഇതാദ്യമാണ്.
Tags : EU Platoon Kartavya Path