അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. മുന്ദ്ര തുറമുഖത്തിനു സമീപം കപ്പലില്‍ കടത്തുകയായിരുന്ന 115 കിലോഗ്രാം കൊക്കെയ്ന്‍ ഗുജറാത്ത് ഭീകരവിരുദ്ധ സേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിച്ചെടുത്ത കൊക്കെയ്ന്‍ അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 1,150 കോടി രൂപ വിലമതിക്കുന്നതാണ്.
കപ്പലിലുണ്ടായിരുന്ന എന്ഗിംഗിറ്റ് നസോറോ ജുമാനെ, ജുമ നാസിര്‍ ഒമര്‍ എന്നീ രണ്ട് താന്‍സാനിയന്‍ പൗരന്മാരാണ് കൊക്കെയ്ന്‍ കടത്തിനു പിന്നിലെന്നു ഡിജിപി കെ.എല്‍.എന്‍. റാവു പറഞ്ഞു.
ഇതില്‍ എന്ഗിംഗിറ്റ് നസോറോ ജുമാനെ പരിശോധനയ്ക്കിടെ കടലിലേക്ക് ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
മയക്കുമരുന്ന് കൈപ്പറ്റാന്‍ കാത്തിരുന്ന നൈജീരിയൻ, ഉഗാണ്ടൻ രാജ്യക്കാരായ രണ്ട് വിദേശികളെ ഗുജറാത്ത് എടിഎസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ മയക്കുമരുന്ന് അടങ്ങിയ ആറു ബാഗുകള്‍ പ്രതികൾ കടലിലേക്ക് എറിഞ്ഞു.
Tags : Huge drug Gujarat coast Cocaine