ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി. വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം ഏഴ് മണിക്കൂറോളം ആകാശത്ത് പറന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചത്.
എത്യോപ്യ-എറിത്രിയ അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനം യു-ടേൺ എടുത്ത് തിരികെ പറക്കാൻ തീരുമാനിച്ചതെന്ന് ഇൻഡിഗോ അധികൃതർ പറഞ്ഞു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് യുദ്ധമേഖലകൾ ഒഴിവാക്കാനായി ഗൾഫ് ഓഫ് ഏദൻ വഴിയും ആഫ്രിക്കയിലൂടെയുമാണ് വിമാനങ്ങൾ പോകുന്നത്.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പരമമായ പ്രാധാന്യം നൽകുന്നത്. യാത്ര തുടരാനുള്ള സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും എയർലൈൻ അറിയിച്ചു.
Tags : war indigo delhi manchester uturn