ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണ കാന്ത ശർമയുടെ ബെഞ്ചിൽനിന്നു മാറ്റണമെന്ന ആവശ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ.
മദ്യനയ അഴിമതിക്കേസിൽ കേജരിവാളിനെ വെറുതേവിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരേ സിബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചത് ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണ്.
വിഷയം പരിഗണിച്ച ബെഞ്ച് വിചാരണക്കോടതിയുടെ നിർദേശം സ്റ്റേ ചെയ്യുകയും കേജരിവാളിനെയും മറ്റ് 22 പേരെയും കുറ്റവിമുക്തരാക്കിയ ചില നിരീക്ഷണങ്ങൾ തെറ്റാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായും നിരീക്ഷിച്ചു.
തുടർന്ന് ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. ഇതോടെയാണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നതെങ്കിൽ നിഷ്പക്ഷമായ വാദം കേൾക്കൽ ഉണ്ടാകില്ലെന്നാണ് കേജരിവാളിന്റെ വാദം.
Tags : Liquor policy corruption case Kejriwal Supreme Court Delhi High Court action