ന്യൂഡൽഹി: പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയെത്തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി. ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്.
ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അദ്ദേഹം പാർട്ടി ആസ്ഥാനത്തുനിന്നും ഇറങ്ങിയിരുന്നു. തുടർന്ന് കേരള ഹൗസിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വിമാനത്താവളത്തിലേക്ക് തിരിച്ചത്.
വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയന് കൃത്യസമയത്ത് ബോർഡിംഗ് അറിയിപ്പ് ലഭിച്ചില്ല. ഇതാണ് യാത്ര മുടങ്ങാൻ കാരണമായതെന്ന് അദ്ദേഹത്തോടൊപ്പമുള്ളവർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് എത്തുന്ന വിവരം പ്രോട്ടോക്കോൾ വിഭാഗം ഔദ്യോഗികമായി ഇൻഡിഗോ എയർലൈൻസിനെ അറിയിച്ചിരുന്നില്ല.
നിലവിൽ വിമാനത്താവളത്തിൽ തന്നെ തുടരുന്ന പിണറായി വിജയൻ രാത്രി 7.10നുള്ള വിമാനത്തിലാകും കേരളത്തിലേക്ക് തിരിക്കുക. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ പിണറായി തയാറായില്ല.