സൗരവ് ദാസ്
പുതുച്ചേരി: തന്‍റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ തന്‍റെ കുടുംബവീട്ടിൽ പോലീസെത്തി പരിശോധന നടത്തിയെന്നും അവിടെയുണ്ടായിരുന്നവരെ ചോദ്യംചെയ്തെന്നുമാണ് സൗരവ് ദാസ് എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചിരിക്കുന്നത്.
രണ്ട് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് പിന്നിൽ ബിജെപി സർക്കാരിന്‍റെ നിർദേശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ട് ദിവസം മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതുച്ചേരി സന്ദർശിച്ചിരുന്ന കാര്യം ചൂണ്ടിക്കാണിച്ച സൗരവ് ദാസ്, തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് ആരോപിച്ചു.
പുതുച്ചേരി പോലീസിന്‍റെ നടപടിയെ ചോദ്യം ചെയ്ത അദ്ദേഹം, തന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന നടപടിയാണിതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ഗുണ്ടകളെപ്പോലെ പെരുമാറുന്നതിന് പകരം നിയമവ്യവസ്ഥയെ മാനിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പരിശോധനയിലൂടെ തന്നെ തളർത്താനാവില്ലെന്നും, ഇത്തരം ഭീഷണികൾ തങ്ങളുടെ ദൃഢനിശ്ചയത്തെയാണ് ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റെയും ബിജെപി സർക്കാരിന്‍റെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.
Tags : Police SauravDas CJP Deepika DeepikaNewspaper BreakingNews NewsUpdate