ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഷത്തിനകം പദവി ഒഴിയുമെന്നും കേന്ദ്ര സർക്കാരിന്റെ സ്ഥാപനങ്ങൾക്ക് മേലുള്ള നിയന്ത്രണം പൂർണമായും തകർന്നതായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ നിലവിൽ ആഭ്യന്തരമായി വലിയൊരു 'സ്ഥാപനപരമായ കലാപത്തെ' നേരിടുകയാണെന്നും ഭരണകൂടത്തിന്റെ ഉള്ളറകളിൽ നിന്ന് തനിക്ക് ഇതിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോൺഗ്രസ് സംഘടിപ്പിച്ച നാഷണൽ ആദിവാസി പ്രൊഫഷണൽ കോൺക്ലേവ് എന്ന അടച്ചിട്ട യോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ട് സുപ്രധാന പ്രതിസന്ധികളാണ് രാജ്യം ഒരേസമയം നേരിടാൻ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ചിരുന്ന സുരക്ഷാ കവചങ്ങൾ ബിജെപി സർക്കാർ എടുത്തുമാറ്റിയതിനാൽ ഇന്ത്യ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ പൂർണമായി നിയന്ത്രിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചീഫ് ഇലക്ഷൻ കമ്മീഷണർ അയക്കുന്ന സന്ദേശങ്ങൾ വരെ തനിക്ക് ലഭിക്കുന്നുണ്ട്. ഇന്റലിജൻസ് മേധാവിമാരും ജുഡീഷ്യറിയിലെ മുതിർന്ന അംഗങ്ങളും സർക്കാരിനെതിരെ തിരിയുകയും പ്രതിപക്ഷത്തിന് വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും തെരഞ്ഞെടുപ്പ് അട്ടിമറികളും കാരണം ജനരോഷം ശക്തമാകുമ്പോൾ, അതിനെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ രാജ്യത്ത് 'അടിയന്തരാവസ്ഥയ്ക്ക്' സമാനമായ സാഹചര്യങ്ങൾ അടിച്ചേൽപ്പിച്ചേക്കാം.
നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, അദ്ദേഹത്തിന്റെ മകൻ, മറ്റ് കേന്ദ്രമന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ തനിക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. നിലവിലെ നിയന്ത്രണങ്ങളെല്ലാം കൈവിട്ടുപോകുന്ന സാഹചര്യത്തിൽ തന്റെ വിലയിരുത്തൽ പ്രകാരം ഒരു വർഷത്തിനകം മോദി പ്രധാനമന്ത്രി സ്ഥാനത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷാ വിവാദങ്ങളും സിബിഎസ്ഇ മൂല്യനിർണയ വിവാദങ്ങളും കത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഈ കടുത്ത രാഷ്ട്രീയ ആക്രമണം.
Tags : Rahul Gandhi PM Modi Warning Tsunami Latest News