അയോധ്യയിലെ രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലേക്ക് ലഭിച്ച സാമ്പത്തിക സംഭാവനകളിൽ ക്രമക്കേടും തട്ടിപ്പും നടന്നെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ഒരു ഫോറൻസിക് ഓഡിറ്ററെക്കൂടി ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ഇൻസ്പെക്ടർ ജനറൽ (ഐജി) കിരൺ എസ്. നയിക്കുന്ന നിലവിലെ നാലംഗ പ്രത്യേക അന്വേഷണ സംഘത്തിലേക്ക് വിദഗ്ധനായ ഒരു ഫോറൻസിക് ഓഡിറ്ററെ അഞ്ചാമത്തെ അംഗമായി ഉൾപ്പെടുത്താനാണ് കോടതി നിർദേശിച്ചത്. കേസിൽ സമഗ്രമായ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കോടതി നിർദേശാനുസരണം ജൂലൈ 25-നാണ് പുതിയ ക്രമീകരണങ്ങളോടെ എസ്ഐടി രൂപീകരിച്ചതെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കേസിൽ രാഷ്ടീയ താത്പര്യങ്ങൾ കൂട്ടിക്കലർത്താതെ, കൃത്യവും സുതാര്യവുമായ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് സിബിഐക്ക് വിടണമെന്നും, ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച എല്ലാ സംഭാവനകളുടെയും വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
Tags : SupremeCourt RamJanmaBhoomi DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash