ഗൂഡല്ലൂര്‍: വളര്‍ത്തു നായയെ പിന്തുടര്ന്ന് വീട്ടിനുള്ളിലേക്കു പുലി ഓടിക്കയറിയതു നാട്ടുകാരെ ഭീതിയിലാഴ്ത്തി. മുതുമല കടുവാ സങ്കേതത്തിലെ മസിനഗുഡി ഡിവിഷനിലെ മസിനഗുഡി ഫോറസ്റ്റ് റേഞ്ച് പരിധിയിലെ അവരല്ല വനമേഖലയിലെ സെലപ്പ കോളനിയിലാണു നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവം.
പ്രദേശവാസിയായ ശിവകുമാറിന്റെ വീട്ടിലേക്കാണു ബുധനാഴ്ച രാത്രി 9.30 ഓടെ പുലി അപ്രതീക്ഷിതമായി ഓടിക്കയറിയത്. വളര്‍ത്തു നായയുടെ പിന്നാലെ വീട്ടിനകത്തേക്കു പുലി ഓടിക്കയറിയതോടെ വീട്ടിനകത്തുണ്ടായിരുന്നവര്‍ അതിവേഗം പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.ഭാഗ്യംകൊണ്ടാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ വീട് പുറത്തു നിന്നു പൂട്ടിയ ശേഷം വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
വീടിനകത്ത് കുടുങ്ങിയ പുലിയെ കാണാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ജനങ്ങള്ക്കുനേരേയും പുലി കുതിച്ചു ചാടി. റേഞ്ച് ഓഫീസര്‍ വി. രാജന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി. മുതുമല ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടറുടെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ പുലിയെ കൂട്ടിലാക്കി സീഗൂര്‍ വനമേഖലയില്‍ തുറന്നുവിട്ടതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Tags : The leopard chased the adult dog