കോട്ടയം: പശ്ചിമേഷ്യൻ സംഘർഷത്തിൽ വന്ന അയവും കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ ഉത്പാദനക്കുറവും സുഗന്ധ വിളകളിലെ റാണിയായ ഏലത്തിന്റെ വില മെച്ചപ്പെടുത്തി. ഉയർന്ന ഗ്രേഡുകൾക്ക് കിലോ വില 3000 കടന്നു. താഴ്ന്ന ഗ്രേഡുകൾക്കും വില 2500 രൂപയ്ക്കു മുകളിലെത്തി. മഴയിൽ എലക്കായ്ക്ക് ചീയൽ ബാധിച്ചതോടെ ഇടുക്കിയിൽ ഉൾപ്പെടെ വിളവിൽ 35 ശതമാനത്തോളം കുറവുണ്ട്.
ഏലത്തിന് ക്ഷാമം നേരിടുമെന്ന ആശങ്കയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആവശ്യക്കാർ ഇടുക്കി മഹിളാ കാർഡമം പ്രൊഡ്യൂസർ കന്പനിയുടെ ലേലത്തിൽ പങ്കെടുക്കുന്നു. 2025 ഫെബ്രുവരി 12നാണ് മുൻപ് ശരാശരി വില മൂവായിരത്തിനു മുകളിലെത്തിയത്. അന്ന് 3036 രൂപയായിരുന്നു ശരാശരി വില.
കഴിഞ്ഞ വർഷം ജൂണ്‍ അവസാനവാരം 2500 രൂപയായിരുന്നു ശരാശരി വില. 2019ൽ ഉണക്ക ഏലക്കാ മുന്തിയ ഗ്രേഡിന് വില നാലായിരവും കടന്ന് റിക്കാർഡ് കുറിച്ചിരുന്നു. നിലവിൽ ഒരു കിലോ പച്ച ഏലക്കയ്ക്ക് 500 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. വിലനേട്ടം ലഭിക്കാൻ കർഷകർ ഡ്രയറിൽ ഉണങ്ങി വിൽക്കാൻ താൽപര്യപ്പെടുന്നു. വില ഉയർന്നതോടെ കർഷകരും വ്യാപാരികളും ഏലയ്ക്ക വലിയ തോതിൽ സംഭരിക്കുന്നുമുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ ഗൾഫിലേക്ക് മൂന്നു മാസമായി ഏലക്കായുടെ കയറ്റുമതി കുറഞ്ഞിരുന്നു. ഇതിനൊപ്പം ഏപ്രിൽ വേനലിലെ കൊടുംവരൾച്ചയും ഇപ്പോൾ ഇടവിട്ടുള്ള കനത്ത മഴയും കായ്ഫലം കുറച്ചു. കാട്ടുപന്നി ഉൾപ്പെടെ ക്ഷുദ്രജീവികളുടെ ശല്യവും വിളവിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നിരിക്കെയും ഭാവിയിലും മെച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ ലക്ഷങ്ങൾ നൽകി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ പലരും മുന്നോട്ടുവരുന്നു.
വില ഉയർന്നതോടെ കർഷകരും വ്യാപാരികളും ഏലയ്ക്കാ വലിയ തോതിൽ സംഭരിക്കുന്നുണ്ട്. ഉത്പാദനത്തിലുണ്ടായ ഇടിവ് വരും ദിവസങ്ങളിൽ വിപണിയിൽ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് വിലയിരുത്തുന്നു. ഉത്പാദനത്തിൽ മാത്രമല്ല ഏലക്കയുടെ ഗുണനിലവാരത്തിലും കുറവുണ്ടായിട്ടുണ്ട്.
എലത്തിന്റെ ചുവട്ടിലെ ചരങ്ങളിൽ ഉണ്ടാകുന്ന കായകളുടെ എണ്ണവും വലിപ്പവും കുറഞ്ഞതിനൊപ്പം പച്ചനിറം നഷ്ടപ്പെടുന്നതായും കർഷകർ പറയുന്നു.
കഴിഞ്ഞ വേനലിൽ ഇടുക്കിയിലെ നാൽപ്പത് ശതമാനത്തിലേറെ ഏലച്ചെടികളും ഉണങ്ങി നശിച്ചിരുന്നു. വലിയ മുടക്കിൽ വീണ്ടും ഏലം പരിപാലിച്ചുവരുന്പോഴാണ് മേയ് പകുതിയോടെ മഴ തുടങ്ങിയത്. ജൂണ്‍ ആദ്യവാരത്തിലെ കടുത്ത മഴയിലും കാറ്റിലും ഏലം നിലംപൊത്തി നശിച്ചു.
ഏലം കൃഷിയും വിപണനവും സുതാര്യമാക്കുന്നതിന് സ്പൈസസ് ബോർഡ് ഓണ്‍ലൈൻ പൂളിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ ഏലം കർഷകരുടെയും തോട്ടങ്ങളുടെ പരിശോധന നിർബന്ധമാക്കുകയും ചെയ്തു. ഓരോ കർഷകനും പ്രത്യേക തിരിച്ചറിയൽ നന്പറും നൽകും. സ്പൈസസ് ബോർഡിന്റെ ഒൗദ്യോഗിക ഡിപ്പോകളിൽ ഏലം ലേലം ചെയ്യുന്നവർക്കും വിൽക്കുന്നവർക്കും പൂളിംഗ് നന്പർ നിർബന്ധമാണ്.
പുതിയ സംവിധാനത്തിലൂടെ ഏലക്ക ഉത്പാദനത്തിന്റെ വിവരങ്ങളും വിപണി നിലവാരവും അപ്പപ്പോൾ അറിയാനാകും. ഏലം ഉതപാദനം ആഗോളതലത്തിൽ ഗ്വാട്ടിമാലയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ദേശീയ ഉത്പാദനത്തിന്റെ 60 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്ത് നാൽപതിനായിരം ഹെക്ടറിലാണ് ഏലം കൃഷിയുള്ളത്. ഇതിൽതന്നെ ഇടുക്കിയിലെ ഹൈറേഞ്ചാണ് കൃഷിയിൽ മുന്നിലുള്ളത്.
Tags : Cardamom prices 3 000