ന്യൂഡൽഹി: ചൈനയിലെ ഷെജിയാംഗ് ഗീലി ഹോൾഡിംഗ് ഗ്രൂപ്പിന് (Zhejiang Geely Holding Group Co.)പങ്കാളിത്തമുള്ള ഹൈബ്രിഡ് എൻജിൻ നിർമാതാക്കളായ ഹോഴ്സ് പവർട്രെയിൻ ലിമിറ്റഡ് (Horse Powertrain Ltd.) ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങുന്നു. ഏകദേശം 370 മില്യണ് ഡോളറിന്റെ നിക്ഷേപമാകും രാജ്യത്ത് നടത്തുക. ഈ നിക്ഷേപ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടൻ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലങ്ങളിൽ ചൈനീസ് ബന്ധമുള്ള ഒരു കന്പനിയിൽ നിന്ന് ഇന്ത്യയിലെ നിർമാണ മേഖലയിലേക്ക് എത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നായിരിക്കും ഇത്.
ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ എസ്എയും ഹോഴ്സ് പവർട്രെയിനിൽ പ്രധാന ഓഹരിപങ്കാളിണ്. റെനോയുടെ ഇന്ത്യയിലെ നിർമാണ പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്താൻ ഈ കരാർ വഴി സാധിക്കും. ഇന്ത്യയിൽ അത്യാധുനിക ഹൈബ്രിഡ് പവർട്രെയിനുകളും എൻജിനുകളും നിർമിക്കാനാണ് ഹോഴ്സ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി, അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്കായുള്ള നിയമങ്ങളിൽ ഇന്ത്യ കഴിഞ്ഞ മാർച്ചിൽ ഇളവ് വരുത്തിയതിന് ശേഷമുള്ള ആദ്യത്തെ പ്രധാന അനുമതികളിൽ ഒന്നായിരിക്കും ഇത്. പ്രധാനമായും ചൈനയെ ലക്ഷ്യം വച്ചായിരുന്നു ഈ നിയമങ്ങൾ.
ഇതിനുമുന്പ് ഒരു പ്രമുഖ ചൈനീസ് വാഹന നിർമാതാക്കൾ ഇന്ത്യയിൽ നിക്ഷേപം നടത്തിയത് 2017ലായിരുന്നു. അന്ന് ചൈനീസ് പൊതുമേഖലാ സ്ഥാപനമായ എസ്എഐസി മോട്ടോർ കോർപറേഷൻ, ഇന്ത്യയിൽ എംജി മോട്ടോർ ബ്രാൻഡ് അവതരിപ്പിക്കുന്നതിനായി ജനറൽ മോട്ടോഴ്സിന്റെ പ്ലാന്റ് വാങ്ങി. പിന്നീട് ഈ വ്യവസായം പുനഃസംഘടിപ്പിക്കപ്പെടുകയും, നിലവിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഓഹരിപങ്കാളികൾക്ക് ഇതിൽ ഭൂരിപക്ഷം ഓഹരി പങ്കാളിത്തം ലഭിക്കുകയും ചെയ്തു.
ഗീലിക്കുംം റെനോയ്ക്കും തുല്യ പങ്കാളിത്തമുള്ള ഒരു സംയുക്ത സംരംഭമായി 2024ലാണ് ഹോഴ്സ് പവർട്രെയിൻ രൂപീകൃതമായത്. പിന്നീട് സൗദി അരാംകോ ഈ കന്പനിയുടെ 10% ഓഹരികൾ സ്വന്തമാക്കി. കന്പനിയുടെ വെബ്സൈറ്റ് പ്രകാരം, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ 45% ഓഹരികൾ വീതം ഇപ്പോൾ ഗീലിയുടെയും റെനോയുടെയും കൈവശമാണുള്ളത്. ആഗോളതലത്തിൽ 18 പ്ലാന്റുകളും ഏകദേശം 19,000 ജീവനക്കാരും ഈ കന്പനിക്കുണ്ട്.
കന്പനി തങ്ങളുടെ ഇന്ത്യയിലെ നിക്ഷേപം ഘട്ടങ്ങളായിട്ടായിരിക്കും നടത്തുക. ഇതിന്റെ തുടക്കം റെനോയുടെ ചെന്നൈ പ്ലാന്റിൽ നിന്നായിരിക്കുമെന്നാണ് വിവരം. പരന്പരാഗത ഇന്റേണൽ കംബസ്റ്റൻ എൻജിനും ഉയർന്ന ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുകളും ബാറ്ററി ബാക്കപ്പും സമന്വയിപ്പിക്കുന്ന ’സ്ട്രോംഗ്-ഹൈബ്രിഡ് പവർട്രെയിനുകൾ’ ആയിരിക്കും ഹോഴ്സ് ഇവിടെ നിർമിക്കുക.
ഇന്ത്യയിൽ വിൽക്കുന്ന നിസാൻ, റെനോ വാഹനങ്ങൾക്ക് വേണ്ടിയായിരിക്കും ഇവ നിർമിക്കുന്നത്. ജപ്പാന്റെ നിസാൻ മോട്ടോർ കന്പനിയുടെ ഏറ്റവും വലിയ ഓഹരിപങ്കാളിയായ റെനോ, തങ്ങളുടെ ചെന്നൈ ഫാക്ടറിയിലാണ് നിസാന് വേണ്ടിയുള്ള കാറുകൾ നിർമിക്കുന്നത്.
Tags : Horsepower train investment in India