കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയനത്തോടെ 1,661 കോടി രൂപയുടെ അധിക നിക്ഷേപം നടത്താൻ പദ്ധതി. വരും വർഷങ്ങളിൽ കേരളത്തിൽ പുതുതായി 1,315 കിടക്കകൾകൂടി കൂട്ടിച്ചേർക്കുന്നതിനാണ് നിക്ഷേപം.
മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ.ആസാദ് മൂപ്പൻ പുതിയ നിക്ഷേപപദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ നിലവിൽ 18,400 ലധികം ആരോഗ്യപ്രവർത്തകർക്കു തൊഴിൽ നൽകുന്ന ഗ്രൂപ്പ്, 7,900ഓളം അധികതൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും.
ആസ്റ്റർ-ക്വാളിറ്റി കെയർ സംയുക്ത ശൃംഖലയ്ക്കു കീഴിൽ കേരളത്തിൽ 4,575 കിടക്കകളുള്ള 11 ആശുപത്രികൾ പ്രവർത്തിക്കും. ഇത് അത്യാധുനിക ടെർഷ്യറി, ക്വാട്ടേണറി പരിചരണ സേവനങ്ങൾ നൽകിക്കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ ആരോഗ്യ ശൃംഖലകളിലൊന്നായി മാറും.
ആസ്റ്റർ മാത്രം കേരളത്തിൽ 834 കിടക്കകൾ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിൽ തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനമാരംഭിക്കുന്ന 454 കിടക്കകളുള്ള ആസ്റ്റർ ക്യാപിറ്റൽ ആശുപത്രിയും ഉൾപ്പെടുന്നതായി ആസാദ് മൂപ്പൻ പറഞ്ഞു.
Tags : Aster to make additional investment