തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ മാർട്ടായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) 13-ാം എഡിഷൻ സെപ്റ്റംബർ 24 ന് കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ സെപ്റ്റംബർ 25 മുതൽ 27 വരെ നടക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങ് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് കണ്വൻഷൻ സെന്ററിലും മാർട്ട് കൊച്ചി വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര, സാമുദ്രിക കണ്വൻഷൻ സെന്ററിലുമാണ് നടക്കുക.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം പ്രാബല്യത്തിൽ വരുത്തുന്നതിനായുള്ള കരട് രേഖ തയാറായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് ടൂറിസം പങ്കാളികളുമായി യോഗം ചേരും.
ഇതിനകം 2360 ബയർ രജിസ്ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 610 അന്താരാഷ്ട്ര ബയർമാരും 1750 ആഭ്യന്തര ബയർമാരും ഉൾപ്പെടുന്നു. ഇത് സർവകാല റിക്കാർഡാണ്. 60 അന്താരാഷ്ട്ര മാധ്യമങ്ങളും 57 ആഭ്യന്തര മാധ്യമങ്ങളും ഉൾപ്പെടെ 117 മാധ്യമ രജിസ്ട്രേഷനുകൾ ഇതിനകം ലഭിച്ചുകഴിഞ്ഞു. കൂടാതെ 366 സെല്ലർമാരും (എക്സിബിറ്റേഴ്സ്), സ്പോണ്‍സർഷിപ്പ്-ഗവണ്മെന്റ് സ്റ്റാളുകളിലായി 25 പ്രതിനിധികളും മാർട്ടിൽ പങ്കെടുക്കും.
ടൂറിസം സെക്രട്ടറി കെ.ബിജു , ഡയറക്ടർ എം.അഞ്ജന , അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്.സ്വാമിനാഥൻ, മുൻ പ്രസിഡന്റുമാരായ ബേബി മാത്യു, ഏബ്രഹാം ജോർജ്, ഇ.എം. നജീബ്, ട്രഷറർ ജിബ്രാൻ ആസിഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Kerala Travel Mart inaugurated