കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 291 സീറ്റിൽ മത്സരിക്കും. മൂന്നു സീറ്റ് ഭാരതീയ ഗൂർഖ പ്രജാതാന്ത്രിക് മോർച്ചയ്ക്ക് (ബിജിപിഎം) നല്കും. അനിത് ഥാപ്പ നേതൃത്വം നല്കുന്ന പാർട്ടിയാണിത്. 294 സീറ്റുകളാണ് ബംഗാളിലുള്ളത്.
226 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർച്ചയായ നാലാം വിജയമാണ് തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. സിറ്റിംഗ് സീറ്റായ ഭവാനിപുരിലാണ് മമത മത്സരിക്കുക.
സുവേന്ദു അധികാരിയാണ് ഭവാനിപുരിലെ ബിജെപി സ്ഥാനാർഥി. 2021ൽ നന്ദിഗ്രാമിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം സുവേന്ദുവിനായിരുന്നു. പിന്നീട് ഭവാനിപുരിലെ തൃണമൂൽ എംഎൽഎ മമതയ്ക്കായി സീറ്റ് ഒഴിയുകയായിരുന്നു.
135 സിറ്റിംഗ് എംഎൽഎമാർക്ക് തൃണമൂൽ സീറ്റ് നല്കി. 75 പേർക്ക് സീറ്റ് നിഷേധിച്ചു. മുതിർന്ന നേതാക്കളും മന്ത്രിമാരുമായ ഫിർഹാദ് ഹക്കീം, ജാവേദ് അഹമ്മദ് ഖാൻ, അരുപ് ബിശ്വാസ്, ഇന്ദ്രനീൽ സെൻ, ചന്ദ്രിമ ഭട്ടാചാര്യ എന്നിവർ സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കും.
ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ സ്വപ്ന ബർമൻ രാജ്ഗഞ്ചിൽ മത്സരിക്കും. മുൻ ക്രിക്കറ്റ് താം ശിബ് ശങ്കർ പാൽ തൂഫാൻഗഞ്ചിലാണു ജനവിധി തേടുക. തൃണമൂൽ എംപി കല്യാൺ ബാനർജിയുടെ മകൻ സിർസാൻ ബാനർജി ഉത്തർപാറയിൽ മത്സരിക്കും. പാർഥ ചാറ്റർജിയാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖൻ.
തൃണമൂൽ സ്ഥാനാർഥികളിൽ 52 പേർ വനിതകളാണ്. എസ് സി/എസ്ടി വിഭാഗത്തിൽനിന്ന് 95 സ്ഥാനാർഥികളുണ്ട്. 47 പേരാണ് ന്യൂനപക്ഷ വിഭാഗക്കാർ.
2021ൽ തൃണമൂൽ കോൺഗ്രസ് 215 സീറ്റിലാണു വിജയിച്ചത്. കൂറുമാറ്റവും ഉപതെരഞ്ഞെടുപ്പ് വിജയവും തൃണമൂലിന്റെ അംഗസംഖ്യ 225 ആക്കി.
Tags : Bhavanipur Mamata Trinamool