ന്യൂഡൽഹി: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ചരിത്ര നിമിഷത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചർച്ചയാകുന്നു. ചെന്നൈയിൽ നടന്ന ഗംഭീരമായ ചടങ്ങിൽ വിജയ്യുടെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും എസ്.എ. ചന്ദ്രശേഖറും പങ്കെടുത്തുവെങ്കിലും ഭാര്യ സംഗീതയും മക്കളായ ജേസൺ സഞ്ജയും ദിവ്യ സാഷയും എത്തിയിരുന്നില്ല.
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിൽ കുടുംബം കൂടെയില്ലാത്തത് ചടങ്ങിന്റെ പൂർണത കുറച്ചുവെന്നാണ് ആരാധകരുടെ പക്ഷം. സംഗീതയുമായുള്ള വിവാഹമോചന വാർത്തകൾ ശരിവെക്കുന്നതാണോ ഈ അസാന്നിധ്യം എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വിജയ്യുടെ അടുത്ത സുഹൃത്തും നടിയുമായ തൃഷ കൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. വിജയ്യുടെ അമ്മയ്ക്കൊപ്പം മുൻനിരയിൽ തന്നെ തൃഷ ഇരുന്നിരുന്നു. ഇത് ഇരുവരെയും കുറിച്ചുള്ള പഴയ ഗോസിപ്പുകൾ വീണ്ടും സജീവമാകാൻ കാരണമായി.
"പുതിയ മുഖ്യമന്ത്രി, പുതിയ രാജ്ഞി?" എന്ന തരത്തിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിറയുന്നുണ്ട്. വിജയ് പൊതുവേദികളിൽ തൃഷയോടൊപ്പം പ്രത്യക്ഷപ്പെടുന്നത് കുടുംബത്തിന് അപമാനമുണ്ടാക്കുന്നുവെന്ന് സംഗീത നേരത്തെ വിവാഹമോചന ഹർജിയിൽ സൂചിപ്പിച്ചിരുന്നു എന്ന തരത്തിലുള്ള കുറിപ്പുകളും പ്രചരിക്കുന്നുണ്ട്.
വിജയ്യുടെ രാഷ്ട്രീയ വിജയത്തെ ആഘോഷിക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഈ വിള്ളലുകൾ ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി പുതിയൊരു അധ്യായം തുടങ്ങുമ്പോൾ കുടുംബത്തിന്റെ പിന്തുണ കൂടി അദ്ദേഹത്തിന് ഉണ്ടാകേണ്ടിയിരുന്നുവെന്ന് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നു.
മുഖ്യമന്ത്രി എന്ന നിലയിലുള്ള വിജയ്യുടെ ആദ്യ പ്രസംഗം മതേതരത്വത്തിലും ഭരണപരമായ കേന്ദ്രീകരണത്തിലും ഊന്നിയതായിരുന്നു. എന്നാൽ, സത്യപ്രതിജ്ഞാ ചടങ്ങിലെ ഈ വ്യക്തിപരമായ കാര്യങ്ങൾ ചടങ്ങിലുടനീളം നിഴലിച്ചു നിന്നു.
Tags : Vijay Trisha Latest News