ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മൃതദേഹം മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ കൊണ്ടുപോന്നതിന്റെ ദൃശ്യങ്ങൾ
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മൃതദേഹം കൊണ്ടുപോയത് മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ. ചത്തർപൂർ സ്വദേശിനി റുക്സാനയുടെ മൃതദേഹത്തോടാണ് സർക്കാർ ആശുപത്രി അധികൃതർ ആനാദരവ് കാട്ടിയത്.
ജൂലൈ നാല് മുതൽ റുക്സാനയെ കാണാതായിരുന്നു. പിന്നീട് ഓഗസ്റ്റ് അഞ്ചിന് സൂരജ്പൂരിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്ന സംഭവത്തിൽ, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ബഡാ മലേര സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം വീട്ടിലെത്തിക്കാൻ ബന്ധുക്കൾ ഏറെ നേരം കാത്തുനിന്നെങ്കിലും വാഹനം ലഭിച്ചില്ല. ഒടുവിൽ അധികൃതർ മാലിന്യം കയറ്റിപോകുന്ന വാഹനമാണ് ഏർപ്പെടുത്തി നൽകുകയായിരുന്നുവെന്ന് റുക്സാനയുടെ ഭർത്താവ് ബാബലേഷ് അഹിർവാർ പറഞ്ഞു.
സംഭവത്തിൽ മധ്യപ്രദേശ് ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വസ്തുതകൾ പരിശോധിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.