അർജുൻ ആയങ്കി
കണ്ണൂർ: സിപിഎം നേതൃത്വം ഇപ്പോൾ തള്ളിപ്പറയുമ്പോഴും, കണ്ണൂരിൽനിന്ന് സിപിഎം വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ച്, അക്കാലത്തെ ജില്ലാ നേതൃത്വത്തിന്റെ ഇഷ്ടക്കാരനായി വളർന്ന് കേരളം മുഴുവൻ തന്റെ സാന്നിധ്യം ഉറപ്പിച്ച ക്വട്ടേഷൻ നേതാവാണു പോലീസിനെ വെല്ലുവിളിച്ച് ഒടുവിൽ പത്തിമടക്കിയ അർജുൻ ആയങ്കി. സിപിഎമ്മിന് സൈബർ ഇടങ്ങളിൽ പ്രതിരോധം സൃഷ്ടിച്ച പ്രമുഖരിൽ ഒരാൾ.
► ജന്മനാട്ടിൽ തുടങ്ങിയ രാഷ്ട്രീയം
അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജുൻ കപ്പക്കടവിലെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും സ്വന്തം കരുത്തിലൂടെ സജീവ സാന്നിധ്യമായി. അഴീക്കോട് കപ്പക്കടവ് സ്വദേശിയായ ഈ 30 വയസുകാരൻ അഴീക്കോട് സ്കൂളിലാണു പഠിച്ചത്. പ്ലസ്ടു ആണു വിദ്യാഭ്യാസ യോഗ്യത.
► സ്വർണം പൊട്ടിക്കലിലേക്കു ചുവടുമാറ്റം
2021ൽ ഇരുപത്തിയഞ്ചാം വയസിൽ രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ടതോടെയാണ് അർജുൻ ആയങ്കിയുടെ പേര് കേരളം മുഴുവൻ അറിയുന്നത്. ഈ കേസിൽ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇതിനോടകം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. വടക്കെ മലബാറിലെ പ്രമുഖ ക്വട്ടേഷൻ സംഘങ്ങളിൽ പ്രധാനിയാണ് അർജുൻ. നാലു വർഷത്തിനിടെ ഇയാൾ നടത്തിയതു കോടികളുടെ പിടിച്ചുപറിയാണ്. ഗുണ്ടാ ക്വട്ടേഷൻ കേസുകളിൽ പ്രതിയായതിനെത്തുടർന്ന് 2020 ലാണ് സിപിഎം ഇയാളെ പുറത്താക്കുന്നത്. നേതാക്കൾ പരസ്യമായി അർജുൻ ആയങ്കിയെ മാധ്യമങ്ങൾക്കു മുന്നിൽ തള്ളിപ്പറയുന്പോഴും, സിപിഎമ്മിനുവേണ്ടിയുള്ള സൈബർ പ്രചാരണങ്ങളിൽ ഇപ്പോഴും ഇയാൾ സജീവമാണ്.സംഘടന ഔദ്യോഗികമായി മാറ്റിനിർത്തിയെങ്കിലും പാർട്ടിക്ക് അർജുൻ തലവേദന സൃഷ്ടിക്കുക മാത്രമല്ല, പഴിയും കേൾക്കേണ്ടി വന്നിട്ടുണ്ട്.
► പോലീസിനു ഭീഷണി
കോതമംഗലത്തെ പോലീസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകല്‍ ഇന്‍സ്പെക്ടറെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും നിലവിൽ അര്ജുന് ആയങ്കിക്കെതിരേ കേസുണ്ട്. ഇതിനു പിന്നാലെയാണ് ആയങ്കിയുടെ ഒളിവിലിരുന്നുള്ള ഭീഷണി തുടർന്നത്. ഇന്‍സ്പെക്ടറുടെ പരാതിയില്‍ ക്രിമിനല്‍ ഭീഷണി, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തു.ഇതിനു പിന്നാലെ വീണ്ടും അർജുൻ ആയങ്കി ഫേയ്സ്ബുക്ക് പോസ്റ്റിട്ടു. നല്ല ജീവിതം നയിക്കാന്‍ ഇറങ്ങിയ തന്നെയും സുഹൃത്തുക്കളെയും ഒറ്റരാത്രികൊണ്ട് പോലീസ് തകര്‍ത്ത് തരിപ്പണമാക്കിയെന്നും, ഇനി ഒന്നും പഴയപടിയാകില്ലെന്നും, ആകെ മുങ്ങിയാല്‍ കുളിരില്ലെന്നും അർജുൻ ആയങ്കി ഫേയ്സ്ബുക്കിൽ കുറിച്ചു.
നേരത്തേ കോതമംഗലത്തെ പോലീസ് ഉദ്യോഗസ്ഥന് തന്നെ ജയിയിലാക്കുക മാത്രമായിരുന്നു ഉദേശ്യം. കേസൊന്നുമില്ലാതെ പുതിയ ജീവിതം കെട്ടിപ്പൊക്കിയ ആറു പേരെ ഒറ്റരാത്രികൊണ്ട് തകര്‍ത്ത് താറുമാറാക്കിയെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത താന്‍ ഡാന്‍സ് കളിച്ചതാണത്രേ കുറ്റം. പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട വേദന എങ്ങനെ പ്രകടിപ്പിക്കണം എന്നാണു പ്രതീക്ഷിക്കുന്നത്.
പെന്ഷന് വാങ്ങി ജീവിക്കാന്‍ സമ്മതിക്കില്ല എന്നത് കൊന്നുകളയുമെന്നല്ല, ജോലി കളയിപ്പിക്കുമെന്നാണ് ഉദ്ദേശിച്ചത്. ഇനിയൊരിക്കലും പഴയതുപോലെയായിരിക്കില്ല. ആകെ മുങ്ങിയാല്‍ കുളിരില്ല. ഏറ്റുവാങ്ങേണ്ടിവരുന്ന ദുരിതങ്ങളെത്ര കഠിനമായിരിക്കുമെന്ന ധാരണ എനിക്കുണ്ട്. "അഴിയെങ്കിൽ അഴി കയറെങ്കിൽ കയറെന്ന' വട്ട് ജയൻ സിദ്ധാന്തമാണെന്റെ പ്രകൃതം എന്നായിരുന്നു കുറിപ്പ്.
കേരള പോലീസിനോടെനിക്ക് ബഹുമാനം മാത്രമേയുള്ളൂ. എന്നോട് അന്യായം ചെയ്തയാളോട് മാത്രമേ പകയും വൈരാഗ്യവുമുള്ളൂ. പടച്ചോനെ മാത്രേ പേടിയുള്ളൂ, മനുഷ്യന്മാരെ ഇല്ലെന്നും അർജുൻ ആയങ്കി കുറിച്ചു.
► ആഭ്യന്തരമന്ത്രിക്കും ഭീഷണി
ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെ ആയങ്കിയെ പിടിക്കാൻ കർശന നിർദേശം നൽകി. പിന്നീട് ആഭ്യന്തരമന്ത്രിക്കെതിരേയും കുറിപ്പിട്ടു. ഇതേ തുടർന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ പരാതിയിൽ ടൗൺ പോലീസ് അർജുൻ ആയങ്കിക്കെതിരേ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
► അർജുൻ എത്തിയത് കീഴടങ്ങാനെന്ന് അഭിഭാഷക
അർജുൻ എത്തിയതു കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും അഭിഭാഷകയായ ഡെലീറ്റ മാധ്യമങ്ങളോടു പ്രതികരിച്ചു. ഞായറാഴ്ച രാവിലെ കീഴടങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതിയെന്നും എന്നാൽ, അതിന് മുന്നേ പോലീസെത്തിയെന്നും ഡെലീറ്റ പറഞ്ഞു. നേരത്തേ തളിപ്പറമ്പിലെ ലോഡ്ജിലാണ് ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. എന്നാൽ, താമസിച്ച സ്ഥലത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
പോലീസ് ഒളിത്താവളം മനസിലാക്കിയെന്നു വ്യക്തമായതോടെ ഇവിടെനിന്നാണ് അഭിഭാഷകയുടെ അപ്പാർട്ട്മെന്റിലേക്ക് എത്തുന്നത്. അഭിഭാഷകയെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
► വഴിത്തിരിവായത് ഓട്ടോഡ്രൈവറുടെ ധൈര്യം
ഓട്ടോ ഡ്രൈവർ പോലീസിനു നൽകിയ വിവരമാണ് നിർണായകമായത്. പോലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസ് ഒളിത്താവളം മനസിലാക്കിയെന്നു സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്കു കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽനിന്നു വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂർ ടൗണിലേക്ക് എത്തിയത് ഈ കാറിൽ ആയിരുന്നു.
ഓട്ടോ ഡ്രൈവർ പോലീസിനെ വിവരം അറിയിച്ചതാണ് ആയങ്കിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ പോലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാൻ വാറന്റില്ലെന്ന് അഭിഭാഷക ദമ്പതികൾ വാദിച്ചുവെങ്കിലും അപ്പാർട്ട്മെന്റിൽനിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച ആയങ്കിയെ പോലീസ് ബലപ്രയോഗത്തിലുടെ കീഴടക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. രക്ഷപ്പെടാതിരിക്കാൻ കൈ വിലങ്ങുവച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ച് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
കാലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ണൂര്‍ പോലീസ് ആയങ്കിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിരുന്നത്. നിയമ നടപടികൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ കൂത്തുപറന്പ് മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ മജിസ്ട്രേറ്റ് അവധിയായതിനാലാണ് കൂത്തുപറന്പിൽ ഹാജരാക്കിയത്.
Tags : criminal PoliticalSupport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ArjunAayanki