ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തൃശൂർ: ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതു ഗുണ്ടകളുടെ നാടല്ല. സമാധാനം ആഗ്രഹിക്കുന്നവരുടെ നാടാണ്.
എല്ലാ സംവിധാനത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയുടെ അനുഭവം ഇതാകുമെന്നും അർജുൻ ആയങ്കിയുടെ അറസ്റ്റ് പരാമർശിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ നിലയ്ക്കുനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഗുണ്ടകൾക്കെതിരേ ശക്തമായ നടപടിയുണ്ടാകും. ശനിയാഴ്ച മുതൽ നടപടികൾ തുടങ്ങി. ഓണക്കാലം മുൻനിർത്തി നടപടി ഊർജിതമാക്കും.
എല്ലാ പോലീസ് സ്റ്റേഷനിലെയും പട്ടികപ്രകാരം ഗുണ്ടകൾക്കെതിരേ കർശനനിരീക്ഷണം ഏർപ്പെടുത്തും. ഏതു സംരക്ഷണം കിട്ടിയാലും ഇത്തരക്കാർക്കെതിരേ നടപടിയുണ്ടാകും.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ജയരാജനുമെല്ലാം അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഗുണ്ടകളെ പോറ്റിവളർത്തുന്നവർക്കെതിരേയും നടപടിയെടുക്കുമെന്നും കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻസംഘങ്ങൾക്കെതിരേ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയുമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Tags : NoGoons Kerala RemeshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ArjunAayanki