കാർട്ടൂൺ രചനാ ക്യാമ്പ് സംഘടിപ്പിച്ചു
അനിൽ സി. ഇടിക്കുള
Wednesday, April 16, 2025 11:41 PM IST
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അബുദാബിയും ചേർന്ന് കുട്ടികൾക്ക് വേണ്ടി പ്രശസ്ത കാർട്ടൂണിസ്റ്റ് സജീവ് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കാർട്ടൂൺ കാർണിവൽ 2025 എന്ന പേരിൽ കാർട്ടൂൺ രചനാ ക്യാമ്പ് സംഘടിപ്പിച്ചു.
സെന്റർ ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിക്ക് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അബുദാബി ബാലവേദി കൺവീനർ സ്മിത സ്വാഗതം പറയുകയും സെന്റർ വൈസ് പ്രസിഡന്റ് ശങ്കർ, പരിഷത്ത് അബുദാബി വൈസ് പ്രസിഡന്റ് പ്രീത നാരായണൻ എന്നിവർ ആശംസകൾ നേർന്നു .
ലിംക്ക ബുക്ക് റെക്കോർഡ് ജേതാവായ പ്രശസ്ത കരിക്കേചർ കാർട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണനെ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അബുദാബി പ്രസിഡന്റ് റൂഷ് മെഹർ സദസിനു പരിചയപ്പെടുത്തി. സദസിലെ കുറച്ചു പേരുടെ കരിക്കേചർ കാർട്ടൂൺ ലൈവ് ആയി വരച്ചു സജ്ജീവ് ബാലകൃഷ്ണൻ കാർട്ടൂൺ കാർണിവൽ 2025 ഉദ്ഘാടനം ചെയ്തു .
കുട്ടികൾ ശാസ്ത്രത്തെ എത്ര മാത്രം പ്രാധാന്യത്തോടെ ചേർത്തു പിടിക്കേണ്ടതാണെന്ന് പ്രസംഗത്തിൽ ഓർമിപ്പിച്ചു. തുടർന്ന് പങ്കെടുത്ത നൂറോളം കുട്ടികൾ വ്യത്യസ്തമായ ഭാവങ്ങളിൽ കാർട്ടൂൺ ചിത്രങ്ങൾ ഓരോന്നായി വരയ്ക്കാൻ തുടങ്ങി.
ചിത്രരചനയുടെ വിസ്മയലോകത്തിലേക്ക് കുഞ്ഞുങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ സജ്ജീവ് ബാലകൃഷ്ണന് അനായാസം സാധിച്ചു. കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വളരെ വ്യത്യസ്തമായ അനുഭവമായി ക്യാമ്പ് മാറുകയായിരുന്നു.
കേരള സോഷ്യൽ സെന്ററിന്റെ ഉപഹാരം പുസ്തകമായി സെന്റർ ലൈബ്രേറിയൻ ധനേഷ്കുമാർ മുഖ്യാതിഥിക്ക് സമർപ്പിച്ചു. പരിഷത്തിന്റെ ഉപഹാരം ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുഎഇ സെക്രട്ടറി അനിൽകുമാർ പൊന്നപ്പൻ സമർപ്പിച്ചു.
സെന്റർ ബാലവേദി സെക്രട്ടറി നൗർബിസ് നൗഷാദ് നന്ദി പ്രകാശിപ്പിച്ചു.