2025 ലാന ദ്വൈവാ൪ഷികസമ്മേളനം രജിസ്ട്രേഷന് തുടക്കമായി
Friday, May 9, 2025 5:57 AM IST
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയരായി ഡാളസിൽ ഒക്ടോബ൪ 31, നവംബ൪ 1, 2 തിയ്യതികളിൽ സംഘടിപ്പിക്കുന്ന 2025ലെ ലാന (ലിറ്റററി അസ്സോസിയേഷന് ഓഫ് നോർത്ത് അമേരിക്ക) ദ്വൈവാ൪ഷികസമ്മേളനത്തിന്റെ രജിസ്ട്രേഷന് ശുഭാരംഭം സാ൯ഫ്രാന്സിസ്കോയിലെ ലാനസ൪ഗ്ഗവേദി സാഹിത്യ ക്യാമ്പിൽ വച്ചു നടന്നു.
കെ എൽ എസ്സ് സെക്രട്ടറിയായ ഹരിദാസ് തങ്കപ്പൻ ( ഡാളസ്) സദസിനു സമ്മേളനപരിപാടികളുടെ രൂപരേഖയും പ്രഥമവാ൪ത്താചിത്രവും സമ൪പ്പിച്ചു. മൂന്ന് ദിവസങ്ങൾ പ്രശസ്ത എഴുത്തുകാരോടൊപ്പം മലയാള സാഹിത്യചർച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദകസൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധകലാപരിപാടികളും കേരളവിഭവങ്ങളാസ്വദിക്കാനും ഉള്ള ആദ്യ രജിസ്ട്രേഷ൯ ചെക്ക് ഗീത ജോർജിൽ ( കാലിഫോ൪ണിയ) നിന്നും കെഎൽഎസ് പ്രതിനിധിയായി തോമസ് മാത്യു (ഷാജി)യും ലാന പ്രസിഡന്റ് ശ്രീ ശങ്ക൪ മനയും ജോയിന്റ് സെക്രട്ടറി ജോണ് കൊടിയനും ചേർന്ന് ഏറ്റുവാങ്ങി.

അമേരിക്കയിലെ ഏക കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത് കെഎൽഎസ് ഭാരവാഹികൾ മുൻകൈ എടുത്താണ്. കെഎൽഎസ് പ്രവർത്തകരായ എംഎസ്ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്, എന്നിവർ മുൻകാലങ്ങളിൽ കെഎൽഎസി യുടെ പ്രസിഡൻറ്റുമാരായി സംഘടനയെ നയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ ശങ്ക൪ മനയും ( ടെന്നസി) സെക്രട്ടറി സാമുവൽ യോഹന്നാൻ (ടെക്സാസ്) ട്രഷറ൪ ഷിബു പിള്ള ( ടെന്നസി).
അമേരിക്കയിലെ എല്ലാ മലയാളസാഹിത്യപ്രേമികളെയും 2025 ലാനയും കേരള ലിറ്റററി സൊസൈറ്റിയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
Registration details Link: target=_blank>https://forms.gle/cvnq9PbkXGXgthWVA