ഫ്ലോറിഡയിൽ കരടി ആക്രമണം; ഒരാൾ മരിച്ചു
പി.പി. ചെറിയാൻ
Friday, May 9, 2025 6:26 AM IST
നേപ്പിൾസ് (ഫ്ലോറിഡ): ഫ്ലോറിഡയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്ലൈഫ് കൺസർവേഷൻ കമ്മീഷന്റെ സൗത്ത് റീജൻ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.
മാർക്കോ ദ്വീപിന് കിഴക്കുള്ള ഗ്രാമപ്രദേശമായ ജെറോമിലെ ഹൈവേയ്ക്ക് സമീപം കരടിയുടെ ആക്രമണം നടക്കുന്നതായി കോളിയർ കൗണ്ടി ഷെരീഫ് ഓഫിസിലേക്ക് സന്ദേശം ലഭിച്ചിരുന്നു.
അൽപസമയത്തിന് ശേഷം സ്ഥലത്തെത്തിയ ഡപ്യൂട്ടികൾ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ഷെരീഫ് ഓഫീസ് ഉദ്യോഗസ്ഥർ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്ലൈഫ് കൺസർവേഷൻ കമ്മീഷനെ വിവരമറിയിക്കുകയും അവർ അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.
ഫോട്ടോഗ്രഫറായ ജെയിംസ് പോൾ മായോ താൻ താമസിക്കുന്ന വെറോണ വാക്ക് സ്ട്രീറ്റിലൂടെ അടുത്തിടെ ഒരു അമ്മ കരടിയും മൂന്ന് കുഞ്ഞുങ്ങളും നടന്നുപോകുന്നത് കണ്ടിരുന്നതായി വെളിപ്പെടുത്തി.