തേജ്പോൾ ഭാട്ടിയ ആക്സിയം സ്പേസിന്റെ പുതിയ സിഇഒ
പി.പി. ചെറിയാൻ
Saturday, May 3, 2025 12:54 PM IST
ഹൂസ്റ്റൺ: തേജ്പോൾ ഭാട്ടിയയെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ച് വാണിജ്യ, മനുഷ്യ ബഹിരാകാശ യാത്രാ സേവനങ്ങളിൽ മുൻപന്തിയിലുള്ള ആക്സിയം സ്പേസ്. കഴിഞ്ഞ നാല് വർഷമായി കമ്പനിയുടെ ചീഫ് റവന്യൂ ഓഫിസറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഭാട്ടിയ ഈ സ്ഥാനത്തേക്ക് എത്തുന്നത്.
ബഹിരാകാശ വ്യവസായത്തിൽ ആക്സിയമിന്റെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ തേജ്പോൾ ഭാട്ടിയ, മേക്ക്-എ-വിഷ് ഫൗണ്ടേഷൻ, സ്റ്റാർട്ടപ്പ് ലീഡർഷിപ്പ് പ്രോഗ്രാം എന്നിവയുൾപ്പെടെ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ബോർഡ് റോളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആക്സിയത്തിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ഗൂഗിളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിലെ കമ്പനിയുടെ രാജ്യാന്തര ഡിജിറ്റൽ വികസനത്തിന് നേതൃത്വം നൽകി. തന്റെ പുതിയ സ്ഥാനത്തേക്ക് കടക്കുമ്പോൾ, ഭാട്ടിയ ആക്സിയം സ്പേസിനെ അതിന്റെ അടുത്ത അധ്യായത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.