ലാന സർഗവേദി - സാൻ ഫ്രാൻസിസ്കോ സാഹിത്യ ക്യാമ്പ് ഇന്ന് ആരംഭിക്കും
അമ്പഴയ്ക്കാട്ട് ശങ്കരൻ
Friday, May 2, 2025 5:46 PM IST
സാൻ ഫ്രാൻസിസ്കോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും (ലാന) സാൻ ഫ്രാൻസിസ്കോ സർഗവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സാഹിത്യക്യാമ്പ് ഇന്ന് ആരംഭിക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ മാടശേരി നീലകണ്ഠൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനസമ്മേളനത്തിൽ “വഴിമുട്ടുന്ന വായനാലോകം” എന്ന വിഷയത്തിൽ സുപ്രസിദ്ധ ബ്ലോഗറും പോഡ്കാസ്റ്ററുമായ “ബല്ലാത്ത പഹയൻ” എന്ന് അറിയപ്പെടുന്ന വിനോദ് നാരായൺ പ്രബന്ധം അവതരിപ്പിക്കും.
നിരൂപകനും എഴുത്തുകാരനുമായ ആത്മരാമൻ, നോവലിസ്റ്റും സിനിമാതാരവുമായ തമ്പി ആന്റണി എന്നിവർ ആശംസ അർപ്പിക്കും. തുടർന്ന് നടക്കുന്ന സെഷനിൽ പ്രശസ്ത എഴുത്തുകാരനായ കെ.പി. രാമനുണ്ണി എം.ടി അനുസ്മരണം സൂം വഴി നടത്തും.
ശനിയാഴ്ച “വായനയുടെ വഴികൾ” (ആത്മാരാമൻ), “Children's Literature, Education and Entertaintment” (ശോഭ തരൂർ), “കവിതകൾ പരിഭാഷപ്പെടുത്തുമ്പോൾ” (ഉമേഷ് പി. നരേന്ദ്രൻ) എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും ഉണ്ടായിരിക്കും.
കൂടാതെ അമേരിക്കയിലെ പ്രശസ്ത എഴുത്തുകാർ നയിക്കുന്ന “അമേരിക്കൻ മലയാളി എഴുത്തുകാരോടൊപ്പം”, “എന്റെ വായനയിലെ എം ടി”, “എന്നെ സ്വാധീനിച്ച മലയാള കൃതികൾ” “കവിയരങ്ങ്” എന്നീ സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.
കെ.പി. രാമനുണ്ണി പങ്കെടുക്കുന്ന എം.ടി അനുസ്മരണ സൂം ലിങ്ക്: Join Zoom Meeting (8.45 PST/10.45 EST)
https://us02web.zoom.us/j/83333803588, മീറ്റിംഗ് ഐഡി: 833 3380 3588.