കൊലപാതക കേസിൽ മുൻ യുഎസ് ആർമി റേഞ്ചർ ജെഫ് ഹച്ചിൻസന്റെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Sunday, May 4, 2025 10:50 PM IST
ഫ്ലോറിഡ: ഗൾഫ് യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച വെറ്ററിനറി ഡോ.ജെഫ് ഹച്ചിൻസന്റെ (62) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. കാമുകിയെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധി.
മേയ് 1ന് വൈകിട്ടാണ് ഫ്ളോറിഡ സ്റ്റേറ്റ് ജയിലിൽ വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടന്ന നാലാമത്തെയും രാജ്യത്തെ 15ാമത്തെയും വധശിക്ഷയാണിത്. സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന 129 സൈനികർ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസിനോട് വധശിക്ഷ ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല.
1998 സെപ്റ്റംബർ 11ന് കാമുകി റെനി ഫ്ലാഹെർട്ടി (32)യും അവരുടെ മൂന്ന് കുട്ടികളായ ജെഫ്രി (9), അമാൻഡ (7), ലോഗൻ (4) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയതിനാണ് മുൻ യുഎസ് ആർമി റേഞ്ചർ ശിക്ഷിക്കപ്പെട്ടത്.
എറ്റോമിഡേറ്റ്, റോക്കുറോണിയം ബ്രോമൈഡ്, പൊട്ടാസ്യം അസറ്റേറ്റ് എന്നിവ ഉൾപ്പെടുന്ന മൂന്ന് മരുന്നുകളുടെ മിശ്രിതം കുത്തിവെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. ഗൾഫ് യുദ്ധത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെ മുൻ യുഎസ് ആർമി റേഞ്ചർക്ക് ഉണ്ടായ മസ്തിഷ്ക്കാഘാതം വധശിക്ഷ നിർത്തലാക്കാനുള്ള കാരണമായി അദ്ദേഹത്തിന്റെ പ്രതിരോധ സംഘം ചൂണ്ടിക്കാണിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.