കാണാതായിട്ട് ഒരാഴ്ച; കാനഡയിൽ കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നു
പി.പി. ചെറിയാൻ
Friday, May 9, 2025 12:57 PM IST
നോവ സ്കോട്ടിയ: കാനഡയിലെ നോവ സ്കോട്ടിയ പ്രവിശ്യയിലെ ഗ്രാമപ്രദേശത്ത് നിന്ന് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നു. ലില്ലി സള്ളിവനെയും(6) സഹോദരൻ ജാക്കിനെയും(4) ആണ് കാണാതായത്.
പിക്റ്റൗ കൗണ്ടിയിലെ ലാൻസ്ഡൗൺ സ്റ്റേഷനിലുള്ള വീട്ടിൽ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10ഓടെ ഇരുവരെയും കാണാതായത്. ഇവർ വീട്ടിൽ നിന്ന് പുറത്തുപോയതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് സ്ഥിരീകരിച്ചു.
കുട്ടികളെ കാണാതായിട്ട് ഒരാഴ്ചയായിട്ടും സൂചനകൾ ഒന്നു ലഭിക്കാത്തതിൽ അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്. 140 ഓളം പരിശീലനം ലഭിച്ച തെരച്ചിൽ അംഗങ്ങളും പോലീസ് നായ്ക്കൾ, ഹീറ്റ്-സീക്കിംഗ് ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നാല് ചതുരശ്ര കിലോമീറ്റർ വനപ്രദേശത്ത് നേരത്തെ തെരച്ചിൽ നടത്തിയിരുന്നു.
കുട്ടികൾ രാവിലെ അടുത്ത മുറിയിൽ കളിക്കുന്നത് കേട്ട് താൻ ഉറങ്ങാൻ പോയെന്നും ഉണർന്നപ്പോൾ അവരെ കാണാതായിയെന്നും കുട്ടികളുടെ അമ്മ മലേഹിയ ബ്രൂക്സ്-മുറെ പറഞ്ഞു. തുടർന്ന് 911ൽ വിളിച്ച് പോലീസിനെ അറിയിച്ചതായും ഒറ്റയ്ക്ക് പുറത്ത് പോകുന്ന തരത്തിലുള്ള കുട്ടികൾ അല്ല ഇരുവരെന്നും അമ്മ കൂട്ടിച്ചേർത്തു.
കുട്ടികളെ കണ്ടെത്താനായി അതിർത്തികളും വിമാനത്താവളങ്ങളും നിരീക്ഷിക്കണമെന്ന് കുട്ടികളുടെ രണ്ടാനച്ഛൻ ഡാനിയൽ മാർട്ടെൽ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതൊരു തട്ടിക്കൊണ്ടുപോകൽ അല്ലെന്നാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ പ്രാഥമിക നിഗമനം.