ബിരുദം നേടാൻ ദിവസങ്ങൾ ശേഷിക്കെ ബാൽക്കണിയിൽ നിന്ന് വീണു; ഇന്ത്യൻ വംശജയ്ക്ക് ഗുരുതര പരിക്ക്
പി.പി. ചെറിയാൻ
Friday, May 9, 2025 7:19 AM IST
വാഷിംഗ്ടൺ: ഫ്രാറ്റേണിറ്റി ഹൗസ് പാർട്ടി നടക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബർക്കലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ നിന്ന് ബിരുദം നേടാൻ മൂന്നാഴ്ച മാത്രം ശേഷിക്കെയാണ് ഡാറ്റാ സയൻസ് വിദ്യാർഥിനിയായ ബന്ദന ഭട്ടി ബാൽക്കണിയിൽ നിന്ന് വീണത്. ഫൈ കാപ്പാ ടൗ ഫ്രാറ്റേണിറ്റി ഹൗസിൽ ഏപ്രിൽ 19ന് ഉച്ചയ്ക്കാണ് സംഭവം.
ബന്ദന ഭട്ടിക്ക് ഏഴു മണിക്കൂറോളം വൈദ്യസഹായം ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. ഏകദേശം 12 അടി ഉയരത്തിൽ നിന്ന് തല ഇടിച്ചാണ് ബന്ദന വീണത്. വീഴ്ചയ്ക്ക് ശേഷം 15 മിനിറ്റോളം ആരും ശ്രദ്ധിക്കാതെ കിടന്ന ബന്ദനയെ പിന്നീട് സുഹൃത്തുക്കളാണ് കണ്ടെത്തിയത്.
സുഹൃത്തുക്കൾ ബന്ദനയെ ഫ്രാറ്റേണിറ്റി ഹൗസിന് അകത്തേക്ക് കൊണ്ടുപോയി. പക്ഷേ സഹായം തേടി അടിയന്തര സേവനത്തിനായി 911ലേക്ക് വിളിക്കുന്നതിന് പകരം അവരോട് അവിടെ നിന്ന് പോകാനാണ് പാർട്ടി നടത്തിയിരുന്നവർ ആവശ്യപ്പെട്ടതെന്ന് കുടുംബം ആരോപിക്കുന്നു.
പരിക്കിന്റെ വ്യാപ്തി അറിയാതെ സുഹൃത്തുക്കൾ ബന്ദനയെ അടുത്തുള്ള അപ്പാർട്ട്മെന്റിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നു. ഇവിടെ മണിക്കൂറോളം തുടർന്നതിന് ശേഷമാണ് അടിയന്തര സേവന വിഭാഗത്തിൽ വിവരം അറിയിച്ചത്.
ഇത് കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിന് തടസമായി. സുഷുമ്നാ നാഡിക്ക് പൊട്ടലുണ്ടായിരുന്നു. മാത്രമല്ല മറ്റ് ഗുരുതര പരിക്കുകളും ബന്ദനയ്ക്ക് സംഭവിച്ചതായി സഹോദരി സോണിയ ഭട്ടി, വൈദ്യസഹായത്തിന് പണം സ്വരൂപിക്കാനായി ആരംഭിച്ച ഗോഫണ്ട്മി പേജിൽ കുറിച്ചു.
ചികിത്സ, ഫിസിക്കൽ തെറാപ്പി, പുനരധിവാസം, പ്രത്യേക പിന്തുണ എന്നിവ ആവശ്യമുണ്ടെന്നും സോണിയ അറിയിച്ചു. വിഷയം സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാർഥിനിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ പ്രസ്താവനയിൽ അറിയിച്ചു.