ഗുരംറിത് സിദ്ധു
ലോസ് ആഞ്ചലസ്: അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വൻതോതിൽ മെത്താംഫെറ്റമിനും കൊക്കെയിനും കടത്തിയ അന്തർദേശീയ മയക്കുമരുന്ന് ശൃംഖലയ്ക്ക് നേതൃത്വം നൽകിയ കേസിൽ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ബ്രാംപ്ടൺ സ്വദേശിയായ ഗുരംറിത് സിദ്ധുവിന് (63) അമേരിക്കൻ ഫെഡറൽ കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു.
അമേരിക്കൻ ജില്ലാ ജഡ്ജി ജോൺ എ. ക്രോൺസ്റ്റാഡാണ് ശിക്ഷ വിധിച്ചത്. തുടരുന്ന ക്രിമിനൽ എന്റർപ്രൈസ് (Continuing Criminal Enterprise) കുറ്റം സിദ്ധു 2026 മാർച്ചിൽ കോടതിയിൽ സമ്മതിച്ചിരുന്നു. 2024 ഒക്ടോബർ മുതൽ ഇയാൾ ഫെഡറൽ കസ്റ്റഡിയിലായിരുന്നു.
2022 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ഏകദേശം ഒരു മാസത്തിനിടെ 523 കിലോഗ്രാം മെത്താംഫെറ്റമിനും 347 കിലോഗ്രാം കൊക്കെയിനും ഉൾപ്പെടെ 850 കിലോഗ്രാമിലധികം മയക്കുമരുന്ന് അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടത്താൻ സിദ്ധു നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണിമൂല്യം 15 മുതൽ 17 മില്യൺ ഡോളർ വരെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ദീർഘദൂര ട്രക്കുകൾ ഉപയോഗിച്ചായിരുന്നു അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നത്.
തുടർന്ന് കാനഡയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം നടത്തിയതായും കോടതി രേഖകളിൽ പറയുന്നു. ഈ കേസിൽ സിദ്ധുവിനെ ഉൾപ്പെടെ നിരവധി പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മറ്റ് പ്രതികൾക്ക് 27 മാസം മുതൽ 108 മാസം വരെ ഫെഡറൽ തടവുശിക്ഷയും ലഭിച്ചിട്ടുണ്ട്.
Tags : Brampton Canada USA DrugTrafficking