പരിപാടിയിൽ നിന്ന്
കൊളോൺ: ജർമനിയിലെ ഏറ്റവും പഴക്കമേറിയ മലയാളി കൂട്ടായ്മകളിലൊന്നായ കൊളോൺ കേരള സമാജത്തിന്റെ ഓണാഘോഷം ഗംഭീരമായി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച ആഘോഷ പരിപാടികളിൽ കൊളോണിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് പ്രവാസി മലയാളികളും ജർമൻ അതിഥികളും പങ്കെടുത്തു.
സമാജം പ്രസിഡന്റ് ജോസ് പുതുശേരിയുടെ സ്വാഗത പ്രസംഗത്തോടെയാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാന നിയമസഭാംഗവും സിഡിയു പാർലമെന്ററി പാർട്ടി ഉപനേതാവുമായ ഗ്രിഗോർ ഗോള്ളാണ്ട്, സമാജം ഭരണസമിതി അംഗങ്ങൾ ജോസ് പുതുശേരി (പ്രസിഡന്റ്), മേരി പുതുശേരി, ഡേവിസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), എൽസി വടക്കുംചേരി, പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), സാലി ചിറയത്ത്, ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), ഷീന കുമ്പിളുവേലിൽ, ജോർജ് അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ജാനറ്റ് അട്ടിപ്പേറ്റി, ഫിലോ തടത്തിൽ കുടുംബസമേതം കൂടാതെ സൗമ്യ ജോസിയും ചേർന്ന് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
സമാജത്തിന്റെ പാട്രൺ കൂടിയായ ഗ്രിഗോർ ഗോള്ളാണ്ട് സമാജത്തിന്റെ പ്രവർത്തനങ്ങളെയും സമാജം മലയാളി സമൂഹത്തിനും ജർമൻ സമൂഹത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണെന്നും ആശംസാ പ്രസംഗത്തിൽ അടിവരയിട്ടു പറഞ്ഞു.

താളമേളങ്ങളോടെ മാവേലി മന്നനും പുലിക്കളിയും
മേളപ്പെരുക്കത്തോടെ അരങ്ങേറിയ മാവേലി വരവേൽപ്പും പുലിക്കളിയും കാണികൾക്ക് ഉത്സവപ്രതീതി പകർന്നു. ബ്രൂൾ പ്രാർഥനാ കൂട്ടായ്മയുടെ ബാനറിൽ ജാനറ്റ് അട്ടിപ്പേറ്റി നേതൃത്വം നൽകിയ പുലിക്കളിയിൽ വിഷ്ണു, ബെൻസ്, ഏഞ്ചൽ, സ്നേഹ, ജാനറ്റ്, അന്ന എന്നിവർ പുലികളായപ്പോൾ ഡോ. ശങ്കർ വേട്ടക്കാരന്റെ വേഷത്തിലെത്തി ആഘോഷങ്ങൾക്ക് പാരമ്പര്യത്തനിമ പകർന്നു.
കൊളോൺ കേരള കലാലയത്തിന്റെ ബാനറിൽ അലക്സ് കള്ളിക്കാടന്റെ നേതൃത്വത്തിൽ അലക്സ്, സിബി, ഡെന്നി കരിമ്പിൽ, ആന്റണി, ദീപു, സുവിദ്യ, വിവിയൻ അട്ടിപ്പേറ്റി, ജോർജ് അട്ടിപ്പേറ്റി, ജോൾ അരീക്കാട്ട്, ഗുണൻ എന്നിവരടങ്ങിയ ചെണ്ടമേള സംഘം ലൈവായി താളവിസ്മയം തീർത്തത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ആസ്വദിച്ചത്.
കുട്ടികളുടെയും തിരുവാതിര നർത്തകരുടെയും അകമ്പടിയോടെയാണ് മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചത്. സമാജത്തിന്റെ ജോയിന്റ് സെക്രട്ടറി ടോമി തടത്തിൽ മാവേലിയായി വേഷമിട്ടു.
വേദിയെ വിസ്മയിപ്പിച്ച നൃത്തവിരുന്ന്
കേരളീയ പാരമ്പര്യവും സമകാലിക കലാരൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്:
തിരുവാതിരക്കളി: മേരി ക്രീഗറുടെ നേതൃത്വത്തിൽ എൽസിൻ കാരപ്പള്ളിൽ, ഷൈബി ടീഫെൻബാഹർ, ബെറ്റ്സി വഞ്ചിപുരയ്ക്കൽ, ദർശന നായർ, റെന്നി അഗസ്റ്റിൻ, സൈന പാപ്പറിഗാസ്, ദിവ്യ റിക്റ്റോ, മേരി ക്രീഗർ എന്നിവരണിനിരന്ന പരമ്പരാഗത തിരുവാതിരക്കളി മനോഹരമായിരുന്നു.
കിഡ്സ് & ക്ലാസിക്കൽ നൃത്തങ്ങൾ: മേരി ക്രീഗറുടെ ശിക്ഷണത്തിൽ അന്ന-മരിയ, ഫിയോണ തെരേസ്, ലെയ്ന ജിമ്മി, ഫ്രേയ മരിയ, നേഹ്മേ സെറ അജോ എന്നിവർ ചേർന്നവതരിപ്പിച്ച കിഡ്സ് സിനിമാറ്റിക് ഡാൻസ്, നവനീതം സ്കൂൾ ഓഫ് ഡാൻസിലെ ഇന്ദു നാരായണന്റെ നേതൃത്വത്തിൽ പുഷ്പാഞ്ജലി, അലാരിപ്പ്, ജതിസ്വരം, കിഡ്സ് ഡാൻസ് എന്നിവയും അരങ്ങേറി. ഡ്യൂസൽഡോർഫിൽ നിന്നുള്ള മാളവികയുടെ ഭരതനാട്യം സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
ഫ്യൂഷൻ & കപ്പിൾ ഡാൻസ്: നോയ്സിൽ നിന്നുള്ള സുഷ - പത്മനാഭൻ ദമ്പതികളുടെ കപ്പിൾ ഡാൻസ്, ടീം ജ്വാലയുടെ ഇൻഡോ-വെസ്റ്റേൺ ഫ്യൂഷൻ, ലൈവ് യുവർ ആർട്ട് അക്കാദമി അവതരിപ്പിച്ച സെമിക്ലാസിക്കൽ നൃത്തം "ജതിസ്വരം', "രാരാ വേണു' അർദ്ധ-ശാസ്ത്രീയ നൃത്തം, ഡ്യൂസൽഡോർഫ് അദത് കലാലയത്തിലെ കുട്ടികളുടെ "ആണ്ടാൾ കൗത്വം', സിനിമാറ്റിക് ഫ്യൂഷൻ എന്നിവയും ബോച്ചത്തിൽ നിന്നുള്ള അനഘ, ഗിസ്മോൾ, ആഗ്ന എന്നിവരുടെ മോഡേൺ ഫ്യൂഷൻ നൃത്തങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
സമ്മാനദാനവും വിഭവസമൃദ്ധമായ ഓണസദ്യയും
സമാജത്തിൽ 25 വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗമായ ചിന്നു പടയാട്ടിലിനെ ചടങ്ങിൽ ആദരിച്ചു. കൂടാതെ കൊളോൺ ട്രോഫി, സ്പോർട്സ് മത്സരങ്ങൾ, വടംവലി, കർഷകശ്രീ എന്നിവയിലെ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. സമാജം ജനറൽ സെക്രട്ടറി ഡേവിസ് വടക്കുംചേരി കൃതജ്ഞത രേഖപ്പെടുത്തി.ഫോട്ടോ - വീഡിയോ ജെൻസ് കുമ്പിളുവേലിൽ കൈകാര്യം ചെയ്തു.
കേരളം കലാലയം ചെണ്ട സംഘത്തിൽ സജീവ സാന്നിധ്യമായിരുന്ന മേരി - ജോസ് പുതുശ്ശേരി ദമ്പതികൾ ദീർഘകാലത്തെ സ്തുത്യർഹമായ കലാസേവനത്തിന് ശേഷം വിടവാങ്ങിയതിന് ദമ്പതികൾക്ക് സഹപ്രവർത്തകരും ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് തനത് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഹൃദ്യവും ഭാവസാന്ദ്രവുമായ ആദരവ് സമർപ്പിച്ചു.
തങ്ങളുടെ താളബോധവും സമർപ്പണവും കൊണ്ട് കലാലയം ചെണ്ട ഗ്രൂപ്പിന്റെ വേദികളെ സമ്പന്നമാക്കിയ ഇരുവരുടെയും സംഭാവനകളെ സഹപ്രവർത്തകർ ചടങ്ങിൽ കൃതജ്ഞതയോടെ അനുസ്മരിച്ചു.
വിടവാങ്ങൽ വേളയിൽ ഗ്രൂപ്പ് അംഗങ്ങൾ കൊട്ടിക്കയറിയ വാദ്യമേളം ചടങ്ങിനെ ആവേശഭരിതവും വികാരനിർഭരവുമാക്കി. തുടർന്നും ദമ്പതികൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നുകൊണ്ടാണ് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്.
സംഘടനയുടെ കൾച്ചറൽ സെക്രട്ടറി ജോസ് കുമ്പിളുവേലിൽ, സൗമ്യ ജോസി എന്നിവർ പരിപാടികളുടെ അവതാരകരായി വേദി നിയന്ത്രിച്ചു. കേരള കിച്ചൻ തയാറാക്കിയ പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ നടന്നു.
വൈകുന്നേരം ബോഹുമിൽ നിന്നുള്ള നെൽവിൻ ജേക്കബ് നയിച്ച ഗാനമേള സദസിന് സംഗീത വിരുന്നൊരുക്കി. തുടർന്ന് നടന്ന ലോട്ടറി നറുക്കെടുപ്പിനും ദേശീയഗാനത്തിനും ശേഷം രാത്രിയോടെ ആഘോഷങ്ങൾക്ക് സമാപനമായി.
ജർമനിയിലെ പ്രവാസി കൂട്ടായ്മയുടെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിച്ച അവിസ്മരണീയമായൊരു ഓണാഘോഷമായി മാറി.
Tags : CologneKeralaSamajam Onam NRINews