കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ
ന്യൂഡൽഹി: കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ കീഴിലുള്ള പാസ്പോർട്ട്, വിസ ഔട്ട്സോഴ്സിംഗ് കോൺസുലർ സേവനങ്ങൾക്കുള്ള കരാർ നൽകിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം ഈ ദൗത്യങ്ങൾക്കായി പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകി.
കരാറിന്റെ സാങ്കേതിക മൂല്യനിർണയ ഘട്ടത്തിൽ തങ്ങളെ അകാരണമായി അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്ത് ടെൻഡറിൽ പങ്കെടുത്ത രണ്ട് കമ്പനികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാങ്കേതിക യോഗ്യതാ മാർക്കുകൾ എങ്ങനെയാണ് നൽകിയതെന്ന് വ്യക്തമാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് സാധിച്ചിട്ടില്ലെന്നും, പൊതു ടെൻഡറുകളിൽ പാലിക്കേണ്ട സുതാര്യതയും നിഷ്പക്ഷതയും ഈ നടപടിക്രമത്തിൽ ഉണ്ടായിട്ടില്ലെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഈ കോടതി വിധി കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ആധുനികവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കരാർ മാറ്റത്തെ പൂർണമായും തടസപ്പെടുത്തി.
പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കി മറ്റൊരു കമ്പനിക്ക് കരാർ നൽകുന്നത് വരെ വിവിധ സേവനങ്ങളിലെ അനിശ്ചിതത്വവും കാലതാമസവും തുടരാനാണ് സാധ്യത.