ദിബ്ബ: നോർത്ത് എമിറേറ്റ്സിലെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങളിലൊന്നായ "ദിബ്ബ ഫെസ്റ്റ് 2026' ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന്റെ നേതൃത്വത്തിൽ ദിബ്ബ തിയേറ്ററിൽ സംഘടിപ്പിച്ച ഫെസ്റ്റ് നാടിന്റെ ഒത്തുകൂടലായി മാറി.
കൈരളി ദിബ്ബ യൂണിറ്റ് പ്രസിഡന്റ് സുനിൽ ദത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡിബിബിസി എംഡി സാലം കമീസ് അബ്ദുള്ള അൽ സരീദി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ ഇത്തരം കൂട്ടായ്മകൾ മലയാള സംസ്കാരത്തെയും പൈതൃകത്തെയും ചേർത്തുപിടിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് സ്വാഗതം ആശംസിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ മുഹമ്മദ് സലാഹ് അൽ കഅബി, അസീസ അൽ ദഹൂരി എന്നിവർ പ്രസംഗിച്ചു. ലോക കേരള സഭ അംഗം സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേക്കര, വൈസ് പ്രസിഡന്റ് റാഷിദ് കല്ലുംപുറം തുടങ്ങിയവർ ദിബ്ബ ഫെസ്റ്റിന് ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വനിതാ വിഭാഗം കൺവീനർ ഷജ്റത്ത് ഹർഷൻ നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം കൈരളിയിലെ കലാകാരന്മാർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും പിന്നണി ഗായകർ വിഷ്ണു വർദ്ധനും ജിറിൽ ഷാജിയും നയിച്ച ഗാനമേളയും കാണികൾക്ക് ഹൃദ്യമായ സംഗീത വിരുന്നായി. കലയ്ക്കും സംഗീതത്തിനും പുറമെ മലയാളം മിഷൻ, നോർക്ക എന്നിവയുടെ സ്റ്റാളുകളും പുസ്തകശാലയും നാടൻ രുചികളൊരുക്കിയ ഭക്ഷണ സ്റ്റാളുകളും ഫെസ്റ്റിന്റെ മാറ്റുകൂട്ടി.
ദിബ്ബ യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് അഷറഫ്, സുനിൽ ദത്ത്, ട്രഷറർ ഷജറത്ത് ഹർഷൽ, റാഷിദ് കല്ലുംപുറം, പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീജിത്ത്, അൻവർഷാ യുവധാര, സുബൈർ കാർഗോ, അനിൽ, ഹരീഷ്, അബ്ദുള്ള, താഹിറ, സാബു, ഷാഫി, ഷിബിൻ, അഞ്ചു, റിനി, രാഗി, ശശികുമാർ അകാമിയ, ഹാഷിം ഹമൂദി, യദു, ദീപക്, അഭിഷേക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : Dibba Ffest Kairali Cultural Association Fujairah