ബർലിൻ നൈറ്റ് ക്ലബുകൾ
ബർലിൻ: ലോകപ്രശസ്തമായ ബർലിൻ നൈറ്റ് ലൈഫും നൈറ്റ് ക്ലബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഡാൻസ് ഫ്ലോറുകളിൽ ആളുകൾ എത്തുന്നുണ്ടെങ്കിലും, ക്ലബ്ബുകൾക്കുള്ളിലെ മദ്യവിൽപ്പനയും മറ്റ് വരുമാനങ്ങളും കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. വർധിച്ചുവരുന്ന വാടകയും ജീവനക്കാരുടെ ചെലവുകളും ക്ലബ്ബുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.
മാറിമറിയുന്ന രീതികളും വരുമാന മാർഗ്ഗങ്ങളും
ബർലിൻ ക്ലബ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം, ജനങ്ങളുടെ രാത്രികാല വിനോദ ശീലങ്ങളിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്:
2017ൽ ക്ലബുകളുടെ വരുമാനത്തിന്റെ 60 ശതമാനവും മദ്യവിൽപ്പനയിൽ നിന്നും ഭക്ഷണത്തിൽ നിന്നുമായിരുന്നു. അന്ന് പ്രവേശന ഫീസ് വഴി 21 ശതമാനം വരുമാനം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇന്നത് തലകീഴായി മറിഞ്ഞു. ഇപ്പോൾ വരുമാനത്തിന്റെ 59 ശതമാനം ടിക്കറ്റ് വിലയിൽ നിന്നും, കേവലം 20 ശതമാനം മാത്രമാണ് ബാർ വിൽപനയിൽ നിന്നും ലഭിക്കുന്നത്.
ക്ലബ്ബുകളിൽ എത്തുന്നവർ കുടിക്കുന്ന മദ്യത്തിന്റെ അളവ് കുത്തനെ കുറഞ്ഞു. 73 ശതമാനം ക്ലബ്ബുകളും മദ്യവിൽപന കുറഞ്ഞതായി വ്യക്തമാക്കുന്നു. അതേസമയം മദ്യമില്ലാത്ത സോഫ്റ്റ് ഡ്രിങ്കുകൾക്ക് ആവശ്യക്കാർ ഏറി. ആളുകൾ ക്ലബ്ബുകളിൽ ചിലവഴിക്കുന്ന സമയവും കുറഞ്ഞിട്ടുണ്ട്.
വർധിക്കുന്ന ചെലവുകളും നഷ്ടത്തിലാകുന്ന ബിസിനസും
വർധിച്ചുവരുന്ന ചെലവുകൾ കാരണം ക്ലബുകൾക്ക് ലാഭമുണ്ടാക്കാൻ സാധിക്കുന്നില്ല.
2017ൽ 79 ശതമാനം ക്ലബുകളും ലാഭത്തിലോ അല്ലെങ്കിൽ നഷ്ടമില്ലാതെയോ മുന്നോട്ട് പോയിരുന്നു. എന്നാൽ 20252026 കാലഘട്ടത്തിൽ ഇത് 61 ശതമാനമായി കുറഞ്ഞു. നിലവിൽ 39 ശതമാനം ക്ലബുകളും വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
ജീവനക്കാരുടെ വേതന വർധനവ് (64%), ഉയർന്ന പ്രവർത്തനച്ചെലവ് (62%), ഉയർന്ന വാടക (54%), ഉപഭോക്താക്കളുടെ ശേഷിക്കുറവ് (60%) എന്നിവയാണ് ക്ലബ് ഉടമകൾ നേരിടുന്ന പ്രധാന സങ്കീർണ്ണതകൾ.
അടുത്ത 12 മാസത്തിനുള്ളിൽ ബിസിനസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി 23 ശതമാനം ക്ലബ് ഉടമകൾ വ്യക്തമാക്കി. 2020ന് ശേഷം ബർലിനിൽ 24ഓളം ക്ലബ്ബുകൾ പൂട്ടിപ്പോയെങ്കിലും 25 പുതിയവ ആരംഭിച്ചിട്ടുമുണ്ട്.
നിലനിൽപ്പിനായി ക്ലബ്ബുകൾ ഡ്രിങ്ക്സ് വിലയും എൻട്രി ഫീസും കൂട്ടുകയും, സ്വകാര്യ ആവശ്യങ്ങൾക്കായി ക്ലബുകൾ വാടകയ്ക്ക് നൽകുകയും ചെയ്യുന്നുണ്ട്. നൈറ്റ് ക്ലബുകളെ സാംസ്കാരിക കേന്ദ്രങ്ങളായി അംഗീകരിക്കണമെന്നും, സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളും വാടക സുരക്ഷിതത്വവും ഉറപ്പാക്കണമെന്നുമാണ് ക്ലബ് കമ്മീഷൻ ആവശ്യപ്പെടുന്നത്. ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കിൽ ഇത്തരത്തിലുള്ള ക്ലബ് സംസ്കാരം തന്നെ നിന്നുപോകുമെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
Tags : Berlin nightclubs struggling Deepika DeepikaNewspaper