ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ
അബുദാബി: അചഞ്ചല ദൈവവിശ്വാസവും സഹജീവികളോടുള്ള കാരുണ്യവും കൈകോർക്കുമ്പോഴാണ് സഭകളുടെ ദൗത്യം പൂർണമാകുന്നതെന്നും മാർത്തോമ സഭ എന്നും നിലകൊണ്ടത് ഈ ദൗത്യ നിർവഹണത്തിലായിരുന്നുവെന്നും യുഎയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ അഭിപ്രായപ്പെട്ടു.
അബുദാബി മാർത്തോമ ദേവാലയത്തിന്റെ 55 മത് ഇടവക ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീക വളർച്ചയുടെ കേന്ദ്രം മാത്രമല്ല , വിഭാഗീയതകൾക്കു അതീതമായി ജനങ്ങളെ ചേർത്തുപിടിക്കുകയും , സമൂഹത്തിന് നന്മ ചെയ്യുന്നതിന് ജനങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യുന്ന ചാലകശക്തികൂടിയാകണം ഓരോ ദേവാലയങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
മിസ് യൂണിവേഴ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഇടവകാംഗമായ കെസിയ ലിസ് മേജൊയെ സ്ഥാനപതി അഭിനന്ദിച്ചു.
സഭയുടെ കോട്ടയം കൊച്ചി ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു . ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഐ പി എസ് , ഇടവക വികാരി റവ. ജിജോ. സി ഡാനിയേൽ, സഹ വികാരി റവ.ബിജോ എ തോമസ്, റവ.എബ്രഹാം വർഗീസ്, വൈസ് പ്രസിഡന്റ് സജി തോമസ്, ട്രസ്റ്റിമാരായ മാത്യു പി ജോൺ, ബിജു വർഗീസ്, സെക്രട്ടറി സിമി സാം മാമൻ എന്നിവർ പ്രസംഗിച്ചു. കൺവീനർമാരായ അജിത്ത്. എ ചെറിയാൻ, അഡ്വ. സിൽസി റെയ്ചൽ, സുനിൽ സോഫന് എന്നിവർ നേതൃത്വം നൽകി. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
Tags : Deepika DeepikaNewspaper BreakingNews Indian Ambassador Deepak Mittal stated Mar Thoma Church