ന്യൂയോർക്ക്: പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരൻ ജോർജ് മണ്ണികരോട്ടിന്റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം. മണ്ണിക്കരോട്ടിന്റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്ടമാകുന്നത് ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ ലാനാ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ പങ്കാളിയുമായിരുന്ന ഒരു സാരഥിയുംമാണ്.
1998 - 2000, 2013 - 15 എന്നീ രണ്ട് പ്രവർത്തന കാലയളവിൽ ലാനയുടെ വൈസ് പ്രസിഡന്റായിരുന്ന ജോർജ് മണ്ണിക്കാരോട്ട് ഈ രണ്ടു കാലഘട്ടങ്ങളിലും ശക്തവും സൗമ്യവുമായ പ്രവർത്തനങ്ങളാൽ ലാനയെ സമ്പന്നമാക്കി.
അരനൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് "അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം"എന്ന 392 പേജുകൾ ഉള്ള പുസ്തകം. ഈ പുസ്തകത്തിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം അമേരിക്കയുടെ ഓരോ സ്റ്റേറ്റിലുമുള്ള എഴുത്തുകാരുമായി സംസാരിച്ചു,
കത്തിടപാടുകൾ നടത്തി, അവരുടെ ഹ്രസ്വമായ ചരിത്രം സമാഹരിച്ചു, കൃതികളുടെ പേര് വിവരങ്ങൾ, ചെറിയ കുറിപ്പ് എന്നിവ തയാറാക്കി ഇങ്ങനെ ഒരു പുസ്തകം സാധ്യമാക്കുന്നതിനായി ചെലവഴിച്ച സമയവും സാമ്പത്തിക സന്നദ്ധതയും അധ്വാനവും സമാനതകളില്ലാത്തതാണ്.
ഈ കൃതി അമേരിക്കൻ മലയാളി എഴുത്തുകാർക്കിടയിൽ അവരുടെ മനസുകളിൽ എന്നൊന്നും നിലനിൽക്കും. കേരളത്തിലും അമേരിക്കയിലുമായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തകൻ, സംഘാടകൻ, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ എന്നീ തലങ്ങളിലും ജോർജ് മണ്ണിക്കാരോട്ട് അമേരിക്കൻ മലയാളികൾക്ക് പരിചിതനാണ്.
ഇക്കഴിഞ്ഞ മാർച്ച് മാസം ആദ്യവാരം ലാന ഭാരവാഹികളും അംഗങ്ങളും ഫ്യൂസ്റ്റലിലെ വിവിധ സാഹിത്യ സമിതികളുടെ അംഗങ്ങളുമൊത്ത് മണ്ണിക്കാരൊറ്റിനെ സന്ദർശിച്ച് ലാനയുടെ "അവാർഡ് ഓഫ് എക്സ്ലൻസ്' നൽകി ആദരിച്ചു.
പ്രിയപ്പെട്ടവരുടെ സന്ദർശനത്തിൽ ഏറെ സന്തോഷിച്ച് അദ്ദേഹം കുറച്ചുനേരത്തേക്ക് തന്റെ അനാരോഗ്യം മറന്ന് വാചാലനായി. അദ്ദേഹത്തിന്റെ സൗമ്യമായ സ്വരം ഇപ്പോഴും അവരുടെ കാതുകളിലുണ്ട്. ആ കൈവിരലുകളുടെ നേരിയ വിറയൽ ഇപ്പോഴും അവരുടെ കൈത്തലങ്ങളിലുണ്ട്
ഈ അവസരത്തിൽ മണ്ണിക്കോരോട്ടിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള വേദനയിൽ ലാനയും പങ്കുചേരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
തന്റെ ജീവിതത്തിൽ എഴുത്തുനോടുള്ള കടപ്പാട് പൂർത്തീകരിച്ചാണ് അദ്ദേഹം യാത്രയായത് എന്ന് നമുക്ക് ആശ്വസിക്കാം. ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് ആവുന്നത്ര അധ്വാനിച്ച് ജോർജ് മണ്ണിക്കരോട്ട് അമേരിക്കൻ മലയാളികളുടെ സാഹിത്യ ചരിത്രം രേഖപ്പെടുത്തി.
അത് പൂർണമാകാം, അപൂർണമാകാം പക്ഷേ അത് എഴുതപ്പെട്ടതാണ്. അത് നമ്മുടെ എഴുത്തിന്റെ ചരിത്രമാണ്. പ്രീയ കുടുംബാംഗത്തിന്, ലാനയുടെ സാരഥിക്ക്, ഹൃദയ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി, ലാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി, സെക്രട്ടറി നിർമ്മല ജോസഫ് അറിയിച്ചു.
Tags : George Mannikarot Lana Obit USA