ന്യൂയോർക്ക്: 2026 - 2028 കാലയളവിലേക്കുള്ള ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ലീല മാരേറ്റിന്റെ സ്ഥാനാർഥിത്വ നാമനിർദേശം ന്യൂയോർക്കിലെ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ഔദ്യോഗികമായി സമർപ്പിച്ചു.
സംഘടനയുടെ പ്രസിഡന്റ് ഹേമ ചന്ദ്രൻ പെരിയാൽ, സെക്രട്ടറി മാത്യു കുട്ടി ഈസോ, ട്രഷറർ വിനോദ് കെയാർക്ക് എന്നിവർ ചേർന്നാണ് നാമനിർദേശ നടപടികൾ പൂർത്തിയാക്കിയത്.
രണ്ട് പതിറ്റാണ്ടിന്റെ സംഘടനാ പരിചയം
ഫൊക്കാനയുടെ ചരിത്രത്തിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സജീവ പ്രവർത്തന പരിചയമുള്ള ലീല മാരേറ്റ്, സംഘടനയുടെ വിവിധ ഘട്ടങ്ങളിലെ വളർച്ചക്കും പ്രവർത്തനങ്ങൾക്കും സാക്ഷിയും പങ്കാളിയുമാണ്.
കഴിഞ്ഞ 22 വർഷങ്ങളായി സംഘടനാ രംഗത്ത് അവർ കാഴ്ചവച്ച അർപ്പണബോധവും സ്ഥിരതയും, അവരെ ഇന്ന് ശ്രദ്ധേയമായ നേതൃമുഖങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയത്തിലും സംഘടനാ ജീവിതത്തിലും വിജയം മാത്രമല്ല, പരാജയങ്ങളും നേതാക്കളെ രൂപപ്പെടുത്താറുണ്ട്.
പല തവണ അവസരങ്ങൾ കൈവിട്ടിട്ടും നിരാശയ്ക്ക് കീഴടങ്ങാതെ, കൂടുതൽ ഊർജത്തോടെയും പ്രതിബദ്ധതയോടെയും പൊതുരംഗത്ത് തുടരുന്ന ലീല മാരേറ്റിന്റെ യാത്ര അതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
തോൽവികളെ അവസാനമായി കാണാതെ, അനുഭവങ്ങളായി സ്വീകരിച്ച് മുന്നേറുന്ന അവരുടെ സമീപനം നിരവധി പ്രവർത്തകർക്ക് പ്രചോദനമായിട്ടുണ്ട്.
തുടർച്ചയായ മുന്നേറ്റത്തിന് കരുത്ത്
നിലവിലെ പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട ശക്തമായ മുന്നേറ്റങ്ങളും സംഘടനാ ഊർജ്ജവും തുടർന്നുകൊണ്ടുപോകാൻ കഴിയുന്ന നേതൃപരിചയവും ടീം ശക്തിയും ലീല മാരേറ്റിനുണ്ടെന്നാണ് അനുയായികളുടെ വിലയിരുത്തൽ.
വ്യക്തതയും വിശ്വാസ്യതയും സംഘടനാ പരിചയവും കൈമുതലായ ഒരു സംഘത്തോടൊപ്പമാണ് അവർ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കരുണാകരൻ ശൈലിയിൽ നിന്ന് പ്രചോദനം
ജീവിതത്തിന്റെ തുടക്കകാലത്ത് കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരന്റെ നേതൃശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലീല മാരേറ്റ്, സംഘടനാ രംഗത്തും അതേ ശൈലിയിലുള്ള പ്രവർത്തനമികവും മനുഷ്യബന്ധങ്ങളും വളർത്തിയെടുത്തുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
പുതുതലമുറ നേതാക്കളെ വളർത്തിയെടുക്കുന്നതിലും സമൂഹസേവന പ്രവർത്തനങ്ങളിൽ ആളുകളെ കൈപിടിച്ചുയർത്തുന്നതിലും അവർ വഹിച്ച പങ്കും ശ്രദ്ധേയമാണ്.
"കുടുംബാംഗത്തെ പോലെ കാണും'
സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടനുബന്ധിച്ച് ലീല മാരേറ്റ് പങ്കുവെച്ച സന്ദേശം ശ്രദ്ധേയമായി. താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഫൊക്കാന വടക്കേ അമേരിക്കയിലെ ഓരോ മലയാളിയെയും ഒരു സംഘടനയുടെ അംഗമായി മാത്രമല്ല, സ്വന്തം കുടുംബാംഗമായി കാണുമെന്നും അമ്മയുടെ സ്നേഹത്തിന് സമാനമായ കരുതലോടെയും വിവേചനമില്ലാതെയും പക്ഷപാതമില്ലാതെയും ഓരോരുത്തരിലേക്കും സംഘടന എത്തിച്ചേരുമെന്നും അവർ ഉറപ്പുനൽകി.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളിയുടെ സംസ്കാരത്തെയും ബന്ധങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്ന സന്ദേശമായാണ് പലരും ഇതിനെ കാണുന്നത്.
Tags : Leela Marett Fokana USA