ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (പിഎച്ച്എൽ) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ് 2026 ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചതോടെ, അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെക്കാലമായി കാത്തിരുന്ന ഒരു സുപ്രധാന വാർത്തയാണ് യാഥാർഥ്യമായിരിക്കുന്നത്.
പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് മലയാളികൾക്ക് ഈ സർവീസ് വലിയ യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലേക്കും കൂടുതൽ മികച്ച വിമാനബന്ധങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഓർമ ഇന്റർനാഷ്ണൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഈ വിഷയത്തിൽ നേരിട്ടുള്ള സുപ്രധാന ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും 2015-ൽ ഓർമ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അന്നത്തെ ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗമായിരുന്ന Al Taubenbergerന്റെ സഹകരണവും പിന്തുണയും ഈ ശ്രമങ്ങൾക്ക് നിർണായകമായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ഓർമ ഇന്റർനാഷ്ണൽ നേതാക്കൾ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തി.
2023-ലെ ഒരു പ്രധാന കൂടിക്കാഴ്ചയിൽ ഫിലഡൽഫിയ ഇന്റർനാഷ്ണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവല്പ്മെന്റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിരൽ എന്നിവർ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ വിശദമായി കേൾക്കുകയും കേരള മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ സാധ്യതകൾ സംബന്ധിച്ച് അനുകൂല നിലപാട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ആ നിർണായക യോഗത്തിൽ ഓർമ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ജോസ് ആറ്റുപുറം (ഓർമ ഇന്റർനാഷ്ണൽ ട്രസ്റ്റീ ബോർഡ് ചെയർ), സജി സെബാസ്റ്റ്യൻ (ഓർമ ഇന്റർനാഷ്ണൽ പ്രസിഡന്റ്), ജോർജ് നടവയൽ (മുൻ പ്രസിഡന്റ്), അറ്റേണി ജോസഫ് കുന്നേൽ (ചെയർ ലീഗൽ സെൽ), ജോസ് തോമസ് (ചെയർ ടാലന്റ് പ്രൊമോഷൻ ഫോറം), നൈനാൻ മത്തായി (ചെയർ ചാരിറ്റി ആക്ടിവിറ്റീസ്), ഷൈലാ രാജൻ (ഓർമ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്), ആലീസ് ജോസ് എന്നിവർ മീറ്റിംഗിൽ ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു.
ഫിലഡൽഫിയ മേഖലയിലെ ഇന്ത്യൻ - മലയാളി സമൂഹത്തിന്റെ വളർച്ചയും യാത്രാ ആവശ്യകതയും സംബന്ധിച്ച വിവരങ്ങൾ ഈ പ്രതിനിധിസംഘം വിമാനത്താവള അധികൃതർക്ക് സമർപ്പിച്ചിരുന്നു.

അന്നത്തെ ചർച്ചകളുടെ ഭാഗമായി ഓർമ ഇന്റർനാഷ്ണൽ നാമനിർദേശം ചെയ്ത അറ്റോർണി ജോസഫ് കുന്നേലിനെ, ഇന്ത്യൻ-മലയാളി-അമേരിക്കൻ സമൂഹത്തിന്റെ പ്രതിനിധിയായി വിമാന സർവീസ് സാധ്യതകൾ പഠിക്കുന്ന പ്രത്യേക ഉപദേശക സമിതിയിലേക്ക് വിമാനത്താവള അധികൃതർ ഉൾപ്പെടുത്തിയതും ശ്രദ്ധേയമായ നേട്ടമായിരുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾ ഔദ്യോഗിക തലത്തിൽ അവതരിപ്പിക്കാൻ ഇത് സഹായകമായി.
ഇപ്പോൾ ഖത്തർ എയർവേയ്സ് ഫിലഡൽഫിയ - ദോഹ - കൊച്ചി സർവീസ് പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഈ തീരുമാനത്തിന്റെ മുഴുവൻ ക്രെഡിറ്റും ഒരു വ്യക്തിക്കോ സംഘടനക്കോ അവകാശപ്പെടാനാകില്ലെങ്കിലും ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനസൗകര്യത്തിന്റെ ആവശ്യകത വർഷങ്ങളായി വിവിധ അധികാരകേന്ദ്രങ്ങളിൽ തുടർച്ചയായി ഉന്നയിക്കുകയും വിമാനത്താവള അധികൃതരുമായി നേരിട്ടുള്ള ആശയവിനിമയം നടത്തുകയും സമൂഹത്തിന്റെ ശബ്ദം നയരൂപീകരണ വേദികളിലെത്തിക്കുകയും ചെയ്ത കൂട്ടായ ശ്രമങ്ങളിൽ ഓർമ ഇന്റർനാഷ്ണൽ ശ്രദ്ധേയവും സജീവവുമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ സംബന്ധിച്ച വിവരശേഖരണം, വിമാനത്താവള അധികൃതരുമായി നേരിട്ടുള്ള ചർച്ചകൾ, ജനപ്രതിനിധികളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും പിന്തുണ ഉറപ്പാക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ ഈ വിഷയത്തിന് ശക്തമായ പൊതുജന ശ്രദ്ധ ലഭ്യമാക്കുന്നതിൽ സംഘടന നിർണായക പങ്കുവഹിച്ചു.
പ്രത്യേകിച്ച് 2015 മുതൽ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടിത ഇടപെടലുകൾ ഈ ആവശ്യത്തിന് ഒരു വ്യക്തമായ ദിശയും തുടർച്ചയായ മുന്നേറ്റവും നൽകാൻ സഹായിച്ചു.
ഇന്ന് ഖത്തർ എയർവേയ്സ് ഫിലഡൽഫിയ - ദോഹ - കൊച്ചി സർവീസ് പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത് മലയാളി സമൂഹത്തിന്റെ ദീർഘകാല ആഗ്രഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് ഓർമ ഇന്റർനാഷ്ണൽ വിലയിരുത്തുന്നത്.
വർഷങ്ങളായി ഈ വിഷയത്തെ സജീവമായി ഉയർത്തിക്കാട്ടുകയും സമൂഹത്തിന്റെ ആവശ്യകത ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളിൽ എത്തിക്കുകയും വിമാന സർവീസ് വികസനത്തിനായുള്ള സംവാദങ്ങൾക്ക് പ്രചോദനവും ഗതിവേഗവും നൽകുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കാനായതിൽ ഓർമ ഇന്റർനാഷ്ണൽ അഭിമാനിക്കുന്നു.
ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങൾക്കായി ഭാവിയിലും സമാനമായ പൊതുപ്രവർത്തനങ്ങൾ തുടരുമെന്നും കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാകുന്നതിനായി ഓർമ ഇന്റർനാഷ്ണലിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നു നേതൃത്വം അറിയിച്ചു.
Tags : Philadelphia Kochi Flights Service