റോൾസ് റോയ്സ് കാറുകൾ
ബർലിൻ: സോഷ്യൽ വെൽഫെയർ ആനുകൂല്യങ്ങൾ തട്ടിയെടുത്തും നികുതി വെട്ടിപ്പ് നടത്തിയും ആഡംബര ജീവിതം നയിച്ചുപോന്ന റോമ ക്ലാൻ കുടുംബത്തെ സിനിമാറ്റിക് ഓപ്പറേഷനിലൂടെ ജർമൻ പോലീസ് പിടികൂടി. ഇൻഗോൾസ്റ്റാറ്റിൽ നടന്ന വിവാഹാഘോഷത്തിനിടയിലേക്ക് കടന്നുചെന്നാണ് പോലീസും കസ്റ്റംസും ചേർന്ന് വൻ റെയ്ഡ് നടത്തിയത്.
‘ഓപ്പറേഷൻ അവലോൺ’ എന്ന് പേരിട്ട ഈ പരിശോധനയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ഞൂറോളം പോലീസുകാരാണ് പങ്കെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ്, സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളുടെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട് മാസങ്ങളായി പോലീസ് ഈ മൊണ്ടെനെഗ്രോ സ്വദേശികളായ റോമ ക്ലാൻ കുടുംബത്തെ നിരീക്ഷിച്ചു വരികയായിരുന്നു. യാതൊരുവിധ ഔദ്യോഗിക വരുമാനവുമില്ലാതെ ലക്ഷക്കണക്കിന് യൂറോയുടെ ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ.
വിവാഹവേദിക്ക് സമീപം നടന്ന ഒരു സാധാരണ കസ്റ്റംസ് പരിശോധന കണ്ട് സംശയം തോന്നിയ ക്ലാൻ അംഗങ്ങളും അതിഥികളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉടൻ തന്നെ തങ്ങളുടെ മാസ്റ്റർ പ്ലാനിലൂടെ വിവാഹവേദി വളഞ്ഞു. വധൂവരന്മാർ സഞ്ചരിച്ച റോൾസ് റോയ്സ് കാറുകൾ, ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന റോളക്സ് വാച്ചുകൾ, കോടിക്കണക്കിന് രൂപ, സ്വർണാഭരണങ്ങൾ എന്നിവ പോലീസ് കണ്ടുകെട്ടി. സംഭവസ്ഥലത്തുനിന്നും വരനെയും പ്രധാന പ്രതികളെയും കസ്റ്റഡിയിലെടുത്തു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റു ചില അംഗങ്ങളെ ഹൈവേകളിലും പ്രധാന റോഡുകളിലും തടഞ്ഞുനിർത്തി പരിശോധിച്ച പോലീസ് കൂടുതൽ വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജർമനിയിൽ സമീപകാലത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ പോലീസ് ഓപ്പറേഷനുകളിലൊന്നാണിത്.
Tags : Luxury lifestyle Roma Clan' family