ഡ്രോൺ
ജർമനി: ജർമനിയിലെ ലെയ്പ്സിഗ്/ഹാല്ലെ വിമാനത്താവളത്തിൽ സൈനിക വിമാനത്തിന് തൊട്ടടുത്ത് സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. നാറ്റോ സഖ്യസേനയുടെ ആയുധ നീക്കത്തിന് പതിവായി ഉപയോഗിക്കുന്ന പ്രമുഖ ചരക്ക് വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ജർമനിയെ നടുക്കിയ വൻ ദുരന്ത ഭീഷണിയാണ് ഫെഡറൽ പോലീസിലെ വിദഗ്ധ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണെന്നും ഹൈബ്രിഡ് അക്രമണ ഭീഷണിയുടെ ഭാഗമാണിതെന്നും ജർമൻ ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് വ്യക്തമാക്കി.
ഫ്രാൻസിൽ നിന്ന് എത്തിച്ച ആയുധശേഖരവുമായി മറ്റ് സ്ഥലങ്ങളിലേക്ക് പുറപ്പെടാൻ തയാറായി നിർത്തിയിട്ടിരുന്ന യുക്രെയ്നിൻ അന്റോണോവ് (AN-124 Condor) ചരക്ക് വിമാനത്തിന് സമീപത്താണ് സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തിയത്. സൈനിക ആവശ്യങ്ങൾക്കുള്ള വെടിമരുന്നുകളും അത്യാധുനിക ആയുധങ്ങളുമായിരുന്നു ഈ വിമാനത്തിലുണ്ടായിരുന്നത്.
വിദഗ്ധ പരിശീലനവും സാങ്കേതിക പരിജ്ഞാനവുമുള്ള സംഘം കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ അട്ടിമറി ശ്രമമാണിതെന്ന് പ്രമുഖ ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റൺവേ അടച്ചുസംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ വടക്കൻ റൺവേ പൂർണമായും അടച്ചുപൂട്ടി.
നിലവിൽ തെക്കൻ റൺവേ വഴി മാത്രമാണ് സർവീസുകൾ നടത്തുന്നത്. ഇതിനിടെ, വിമാനത്താവളത്തിന് സമീപം വച്ച് അജ്ഞാതമായ മറ്റൊരു പറക്കും വസ്തു മറ്റ് ചരക്ക് വിമാനവുമായി കൂട്ടിയിടിച്ചതായും വിവരമുണ്ട്. റൺവേ അടച്ചതിനെത്തുടർന്ന് ലാൻഡിംഗ് ഒഴിവാക്കി ഹാനോവറിലേക്ക് തിരിച്ചുവിട്ട ഈ വിമാനത്തിന് നിസാര കേടുപാടുകൾ സംഭവിച്ചു.
ഈ രണ്ടാമത്തെ വസ്തുവിനായുള്ള തിരച്ചിൽ സ്റ്റേറ്റ് ക്രിമിനൽ പോലീസ് ഓഫിസ് (LKA) ഊർജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ തീവ്രവാദ, ചാരവൃത്തി കേസുകൾ അന്വേഷിക്കുന്ന കൾസ്രൂഹെയിലെ ഫെഡറൽ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസ് കേസ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുകയാണ്.
Tags : Explosive-laden drone found