ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലണ്ടൻ: ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ച് ഇംഗ്ലണ്ടിൽ പ്രതിവർഷം ടൺ കണക്കിന് മരുന്നുകൾ പാഴാക്കി കളയുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.
ഒരു വർഷത്തിനിടെ ഉപയോഗിക്കാതെയും ഭാഗികമായി ഉപയോഗിച്ചും ജനങ്ങൾ എറിഞ്ഞുകളയുന്ന മരുന്നുകളുടെ അളവ് 75 വലിയ സ്വിമ്മിംഗ് പൂളുകൾ നിറയ്ക്കാൻ മാത്രം പ്രാപ്തിയുള്ളതാണെന്ന് യുകെയിലെ സ്വതന്ത്ര ഫാർമസികളുടെ സംഘടനയായ നാഷണൽ ഫാർമസി അസോസിയേഷൻ (NPA) വ്യക്തമാക്കുന്നു.
വിവിധ റീജിയണൽ ഹെൽത്ത് ബോഡികളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇംഗ്ലണ്ടിൽ 3,400 ടൺ മരുന്നുകളാണ് ഇത്തരത്തിൽ നശിപ്പിച്ചു കളഞ്ഞത്. എൻഎച്ച്എസിന് പ്രതിവർഷം കുറഞ്ഞത് 48 കോടി പൗണ്ടിന്റെ (ഏകദേശം 5,100 കോടിയോളം ഇന്ത്യൻ രൂപ) ഭീമൻ സാമ്പത്തിക നഷ്ടമാണ് ഇത് ഉണ്ടാക്കുന്നത്.
പാക്കറ്റ് പൊട്ടിക്കാത്ത മരുന്നുകളും നശിപ്പിക്കണം; നിയമം കർശനം
ബ്രിട്ടനിലെ നിയമപ്രകാരം ഫാർമസിയിൽ നിന്ന് ഒരിയ്ക്കൽ പുറത്തുപോയ മരുന്നുകൾ തിരികെ നൽകിയാൽ പോലും അവയുടെ കവറുകൾ തുറന്നിട്ടില്ലെങ്കിൽ കൂടിയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിരികെ സ്റ്റോക്കിലേക്ക് എടുക്കാതെ നശിപ്പിച്ചു കളയണമെന്നാണ് ചട്ടം.
രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ഉപയോഗിക്കാവുന്ന ഭീമമായ തുകയാണ് ഇത്തരം അശ്രദ്ധ മൂലം എൻഎച്ച്എസിന് വർഷം തോറും നഷ്ടപ്പെടുന്നതെന്ന് നാഷണൽ ഫാർമസി അസോസിയേഷൻ ചെയർമാൻ ഒലിവിയർ പിക്കാർഡ് ചൂണ്ടിക്കാട്ടി.
സാമ്പത്തിക നഷ്ടത്തിന് പുറമേ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഇത് വലിയ ഭീഷണിയാണെന്നും ആവശ്യമുണ്ടെന്ന് ഉറപ്പുള്ള മരുന്നുകൾ മാത്രം വാങ്ങി ഉപയോഗിക്കാൻ രോഗികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യത്തിൽ കൂടുതൽ മരുന്നുകൾ വാങ്ങി സൂക്ഷിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതുറക്കുമെന്ന് ഹെർട്ട്ഫോർഡ്ഷെയർ സർവകലാശാലയിലെ സീനിയർ ലക്ചറർ ഡോ. റഷ അബ്ദെൽസലാം എൽഷെനാവി മുന്നറിയിപ്പ് നൽകുന്നു.
വീടുകളിൽ മിച്ചം വരുന്ന ആന്റിബയോട്ടിക് ഗുളികകൾ പിന്നീട് കൃത്യമായ വൈദ്യനിർദേശമില്ലാതെ കഴിക്കുന്നത് ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ആന്റിമൈക്രോബയൽ റെസിസ്റ്റൻസിന് (AMR - രോഗാണുക്കൾക്ക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി) കാരണമാകുന്നു.
ഇത് സാധാരണ അണുബാധകളെപ്പോലും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വിട്ടുമാറാത്ത രോഗങ്ങൾക്ക് പതിവായി മരുന്ന് വാങ്ങുന്നവർക്ക് (Repeat Prescriptions) കൃത്യമായ ഇടവേളകളിൽ പുനഃപരിശോധന നടത്തുക.
ഇനി ആവശ്യമില്ലാത്ത മരുന്നുകൾ പ്രിസ്ക്രിപ്ഷനിൽ നിന്ന് ഒഴിവാക്കുക. രോഗികൾ ശരിക്കും ആവശ്യമുള്ള മരുന്നുകൾ മാത്രം ഓർഡർ ചെയ്യുക. മരുന്നുകളുടെ അളവിനെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ സംശയമുള്ളവർ തൊട്ടടുത്തുള്ള ഫാർമസിസ്റ്റുകളോട് ഉപദേശം തേടുക തുടങ്ങിയവയാണ് ഫാർമസി കൗൺസിൽ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.
അത്യാവശ്യ മരുന്നുകൾക്ക് രാജ്യം കടുത്ത ക്ഷാമം നേരിടുന്ന സമയത്താണ് മറുഭാഗത്ത് കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ പാഴാകുന്നത് എന്നതും ശ്രദ്ധേയമാണ്. അപസ്മാരം, അർബുദം, ആർത്തവവിരാമ അനുബന്ധ ബുദ്ധിമുട്ടുകൾക്ക് നൽകുന്ന എച്ച്ആർടി (HRT) തെറാപ്പി, കടുത്ത വേദനസംഹാരികൾ തുടങ്ങിയ മരുന്നുകൾക്ക് നിലവിൽ ബ്രിട്ടനിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്.
പാൻക്രിയാറ്റിക് കാൻസർ ബാധിതർക്ക് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന ക്രിയോൺ (Creon), സ്ത്രീകളുടെ ഹോർമോൺ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എസ്ട്രാഡോട്ട് (Estradot) തുടങ്ങിയ മരുന്നുകൾ വിപണിയിൽ കിട്ടാനില്ലെന്ന് റോയൽ കോളേജ് ഓഫ് ജിപിയും വ്യക്തമാക്കുന്നു.
പ്രശ്നപരിഹാരത്തിനായി എൻഎച്ച്എസ് ആപ്പ് വഴി മരുന്നുകൾ ഓർഡർ ചെയ്യുന്ന രീതി കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് അറിയിച്ചു.
ബോധവത്കരണ ക്യാമ്പയിനുകളിലൂടെ അനാവശ്യ മരുന്ന് ഉപയോഗം കുറയ്ക്കാനും മരുന്ന് പാഴാകുന്നത് തടയാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഭരണകൂടം വ്യക്തമാക്കി.
Tags : NHS UKHealth MedicineWaste HealthcareCrisis