ഷിക്കാഗോ: സെന്തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.
അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും ഈ സംഗമം ഷിക്കാഗോ ബെൻസെൻവില്ല സേക്രഡ് ഹേർട്ട് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ഏപ്രിൽ 17, 18 തീയതികളിലാണ് നടക്കുക.
ഷിക്കാഗോയിലെ സീറോമലബാർ കത്തീഡ്രൽ ഇടവകയുടെയും, സേക്രഡ് ഹാർട്ട്, സെന്റ് മേരീസ് ക്നാനായ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിന്റെ ഒരുക്കങ്ങൾ മാർച്ച് 19ന് ബെൻസൻവിൽ ദേവാലയത്തിൽ നടന്ന സ്വാഗതസംഘം വിലയിരുത്തി.
.jpg1774350243.jpg)
വികാരി ജനറാൾമാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറത്ത്, വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ, ബെൻസെൻവില്ല സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ജനറൽ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളി എന്നിവരും വിവിധ കമ്മറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സിസ്റ്റേഴ്സിൽ നിന്നും വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ സംഗമത്തിൽ ഇതുവരെ ഏകദേശം 225 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് വികാരി ജനറൽ ഫാ. തോമസ് മുളവനാൽ അറിയിച്ചു.
ഏപ്രിൽ 17ന് രാവിലെ 11ന് ആരംഭിക്കുന്ന പ്രോഗ്രാം വൈകുന്നേരം അഞ്ചിനുള്ള സമൂഹബലിയോടെ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടർന്ന് വിശിഷ്ട അതിഥികളുടെ മഹനീയ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടക്കും.
18ന് ഉച്ചയോടെ സമ്മേളനം അവസാനിക്കും. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമൂഹബലിയിലും പൊതുസമ്മേളനത്തിലും തുടർന്നുള്ള കലാപരിപാടിയിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്.
ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മലയാളികളായ സമർപ്പിത സന്യാസിനി സമൂഹാംഗങ്ങൾ രജിസ്റ്റർ ചെയ്ത് ഈ സംഗമത്തിൽ പങ്കാളികൾ ആകണമെന്ന് സംഘാടക സമിതി അഭ്യർഥിച്ചു.
രജിസ്ട്രേഷന് ജയിംസ് മന്നാകുളം (312 622 3326), സി. ലിസാ (281 919 9583) എന്നിവരെ ബന്ധപ്പെടുക.